എസ്ഡിപിഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു

തിരൂര്‍: കൂട്ടായിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കത്തിച്ചു. മുമ്പ് സിപിഎം പ്രവത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂട്ടായി പടിഞ്ഞാറേക്കര പാണ്ടായിയിലെ ചേലക്കല്‍ മുസ്തഫയുടെ പിതാവിന്റെ ട്രക്കറും അനിയന്റെ ബൈക്കുമാണ് തീവച്ച് നശിപ്പിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ഇവരുടെ ബന്ധുവിന്റെ പണി തീരാത്ത വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനങ്ങള്‍. തിരൂര്‍ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലിസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയെങ്കിലും വെള്ളം ഉപയോഗിച്ച് തീയണച്ചിരുന്നതിനാല്‍ തെളിവെടുക്കാനാവാതെ മടങ്ങി.
അനിഷ്ട സംഭവങ്ങള്‍ പടരാതിരിക്കാന്‍ പ്രദേശത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ചേലക്കല്‍ മുസ്തഫ എന്ന മുത്തുവിനെ 2014 മാര്‍ച്ച് 9ന് കൂട്ടായി ആനപ്പടി അങ്ങാടിയില്‍ വച്ച് വെട്ടിയും കുത്തിയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ സിപിഎം പഞ്ചായത്ത് മെംബര്‍ അടക്കം നാലുപേരെ മഞ്ചേരി അഡീഷനല്‍ സെക്്ഷന്‍ കോടതി അഞ്ച് വര്‍ഷം തടവിനും രണ്ടു ലക്ഷം പിഴയ്ക്കും ശിക്ഷിച്ചിരുന്നു. പുറത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് സിപിഎം മെംബര്‍ ഹംസക്കോയ, ഈസ് പാടത്ത് കബീര്‍, സ്രാങ്കിന്റെ പുരക്കല്‍ സകരിയ്യ, കോടാലിന്റെ പുരക്കല്‍ മനാഫ് എന്നിവരെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചിരുന്നത്. സംഭവത്തിലെ സാക്ഷികളെ ചെഗുവേര എന്ന് വിളിക്കുന്ന യൂസുഫിന്റെ പുരക്കല്‍ ആസിഫ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ കാണാമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.
പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനുശേഷവും ഇയാളുടെ ഭീഷണി തുടര്‍ന്നിരുന്നു. വാഹനങ്ങള്‍ തീയിട്ട ദിവസം പുലര്‍ച്ചെ രണ്ടിന് സിപിഎം പ്രവര്‍ത്തകനായ റിയാസിനെ പെട്രോള്‍ കൈവശംവച്ച രീതിയില്‍ കണ്ടെത്തിയിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
സ്ഥിരം രാഷ്ട്രീയ സംഘര്‍ഷ മേഖലയായ തീരദേശത്ത് പുതിയ സംഭവം ആശങ്കക്കിടയാക്കുന്നുണ്ട്.

RELATED STORIES

Share it
Top