എസ്ഡിപിഐ നേതാവിന്റെ വീടിനുനേരെ ബോംബേറ്

അഴീക്കോട്: പോലിസ് കാവലുണ്ടായിട്ടും അഴീക്കോട് മേഖലയില്‍ സിപിഎം അക്രമത്തിന് ശമനമില്ല. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ തുടര്‍ച്ചയായ നാലാം ദിവസവും ആക്രമണം. എസ്ഡിപിഐ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി പി നൗഫലിന്റെ കപ്പക്കടവ് സുല്‍ക്ക റോഡിലെ വീടിനുനേരേ ബോംബേറുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 10.40 ഓടെയാണു സംഭവം. ഇടവഴിയിലൂടെ എത്തിയ സംഘം ബോംബെറിയുകയായിരുന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. അക്രമത്തിനിരയായ വീട് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗം ബി ഷംസുദ്ദീന്‍ മൗലവി, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത്, വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന, കമ്മിറ്റിയംഗം സി ഷാഫി സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പൊയ്ത്തുംകടവില്‍നിന്ന് ആരംഭിച്ച പ്രകടനം മൂന്നുനിരത്തില്‍ പോലിസ് തടഞ്ഞു. അതിനിടെ, പ്രകടനം നടന്നുകൊണ്ടിരിക്കെ കപ്പക്കടവില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷാനിബിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചു. ഷാനിബ് പ്രാണരക്ഷാര്‍ഥം തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയെങ്കിലും അക്രമിസംഘം അവിടെയുമെത്തി. വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം വാതിലും ചില്ലും തകര്‍ത്തതിനു ശേഷമാണ് സ്ഥലംവിട്ടത്. മേഖലയില്‍ പോലിസിനെ വിന്യസിച്ചിട്ടും സിപിഎം അക്രമം തുടരുന്നതില്‍ ഭീതിയിലാണു ജനങ്ങള്‍. എസ്ഡിപിഐ പ്രവര്‍ത്തകരെയും വീടുകളും ആക്രമിച്ച സംഭവങ്ങളില്‍ പോലിസ് കേസ് രജിസ്്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്റെ ഭാഷ്യം. കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും അക്രമികളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാവണമെന്നും എസ്ഡിപിഐ നേതൃത്വം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top