എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലിസ് നാടകം

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തിയായിരുന്നു പോലിസ് നാടകം. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ഇവര്‍ വന്ന വാഹനത്തിന്റെ രണ്ടു ഡ്രൈവര്‍മാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ,  ജൂലൈ 20 മുതല്‍ നടത്തുന്ന കാംപയിന്‍ പ്രഖ്യാപിക്കുന്നതിനു വേണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനുശേഷമാണ് നാടകീയ സംഭവങ്ങള്‍. ഇന്നലെ ഉച്ചയ്‌യ്ക്കാണ് നേതാക്കള്‍  പ്രസ്‌ക്ലബ്ബില്‍ എത്തിയത്. പോലിസിന്റെ അന്വേഷണത്തിന് തങ്ങള്‍ എതിരല്ലെന്നും അന്വേഷണം വഴിമാറിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് പങ്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം പുരോഗമിച്ചുകൊണ്ടിരിക്കെ മൂന്നു വണ്ടികളില്‍ പോലിസ് എറണാകുളം പ്രസ്‌ക്ലബ്ബിന് സമീപമെത്തി. പ്രസ് ക്ലബ്ബിന്റെ പാര്‍ക്കിങ് ഏരിയയില്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍മാരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. രണ്ടുമണിയോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കി പുറത്തെത്തിയ അബ്ദുല്‍മജീദ് ഫൈസി അടക്കമുള്ളവരോട് വാഹനത്തില്‍ കയറാനും ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനിലേക്ക് വരാനും സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌ഐ ജോസഫ് സാജന്‍ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് നേതാക്കള്‍ ചോദിച്ചുവെങ്കിലും ഒന്നും വ്യക്തമാക്കാതെ നിര്‍ബന്ധിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം 5 മണിയോടെ വിട്ടയച്ചു. ഹാദിയ വിഷയത്തില്‍ ഹൈക്കോടതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തോ എന്ന് അറിയുന്നതിനാണ് തങ്ങളെ കൊണ്ടുവന്നതെന്നാണ് പോലിസ് പറഞ്ഞതെന്ന് നേതാക്കള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണ് നടപടിക്കു പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു.  സംസ്ഥാന നേതാക്കളുടെ കസ്റ്റഡി വിവരം പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

RELATED STORIES

Share it
Top