എസ്ഡിപിഐ നിരോധനം ഇപ്പോള്‍ ചര്‍ച്ചാ വിഷയമല്ല: തോമസ് ഐസക്

കോട്ടക്കല്‍: എസ്ഡിപിഐ നിരോധനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ലെന്നു മന്ത്രി തോമസ് ഐസക്. എസ്ഡിപിഐക്കെതിരായ രാഷ്ട്രീയ സമരത്തില്‍ മഹാരാജാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പൂര്‍ണമായും വിജയിച്ചിരിക്കുകയാണ്. അവരെ ന്യായീകരിക്കാന്‍ ആരുമില്ലെന്ന് ഐസക് അവകാശപ്പെട്ടു. മുന്‍കാലങ്ങളില്‍ ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒരുവിഭാഗം ഇവരെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരാരും എസ്ഡിപിഐയെ പിന്തുണയ്ക്കുന്നില്ല. ജാതിമത വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും ഐസക് വ്യക്തമാക്കി.
അംബാനി മോഹിച്ചാല്‍ അമ്പിളിയമ്മാവനെ വീട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറാവുമെന്നും തോമസ് ഐസക് പരിഹസിച്ചു. പ്രവര്‍ത്തനം ആരംഭിക്കാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത് മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ പ്രതികരണം. ഐഐടി, ജെഎന്‍യു അടക്കമുള്ള അരനൂറ്റാണ്ട് പാരമ്പര്യമുള്ള അപേക്ഷകരെ നിരസിച്ചാണ് അംബാനിയുടെ സ്ഥാപനത്തിനു ശ്രേഷ്ഠ പദവി നല്‍കിയത്. ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണം. അതുവഴി നരേന്ദ്രമോദിക്കു കിട്ടുന്ന 'വിശിഷ്ടപദവി' ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേക്കുമുള്ള നാണക്കേടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top