എസ്ഡിപിഐ ഇടപെടലിന് ഫലമുണ്ടായി; പഞ്ചായത്ത് അധികൃതര്‍ കണ്ണു തുറന്നു

മൊഗ്രാല്‍പുത്തുര്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡിന്റെ ശോച്യാവസ്ഥക്കെതിരേ എസ്ഡിപിഐ നടത്തിയ ഇടപെടല്‍ പഞ്ചായത്ത് അധികൃതരുടെ കണ്ണ് തുറപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മദ്‌റസയ്ക്കടുത്ത് കാല്‍ നടയാത്രക്കും വാഹനഗതാഗതത്തിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഓവുചാലിലെ ദ്രവിച്ച ഇരുമ്പ് പൈപ്പുകള്‍ അധികൃതരുടെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിച്ചു.
ഇതോടെ ഏറെക്കാലമായി നാട്ടുകാര്‍ അനുഭവിച്ചു വന്നിരുന്ന യാത്രാദുരിതത്തിന് അറുതിയായി. ദിനേന നൂറുകണക്കിന് വിദ്യാര്‍ഥികളും ഫാമിലി ഹെ ല്‍ത്ത് സെന്ററിലേക്കുള്ള രോഗികളുമടക്കം നിരവധി പേര്‍ യാത്രചെയ്തിരുന്ന, ദേശീയ പാതയോട് ബന്ധിപ്പിക്കുന്ന ഈ റോഡ് തകര്‍ന്ന് വര്‍ഷങ്ങളായെങ്കിലും പഞ്ചായത്ത് ഭരണ സമിതി തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. അതിനിടെയായിരുന്നു യാത്രാദുരിതം രൂക്ഷമാക്കി ഓവുചാലിന് മുകളില്‍ പാകിയിരുന്ന ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിദ്യാര്‍ഥിയുടെ കാല്‍ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങി മുറിവേറ്റിരുന്നു. പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥ തുറന്ന് കാണിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും  പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ദ്രവിച്ച പൈപ്പ് മാറ്റി സ്ഥാപിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിയെ എസ്ഡിപിഐ സ്വാഗതം ചെയ്തു. റിയാസ് കുന്നില്‍, അലി പഞ്ചം, നൗഫല്‍ കുന്നില്‍, ശിഹാബ് അറഫാത്, ഇസ്മായില്‍ ചായിത്തോട്ടം, സി എച്ച് സിദ്ദീഖ്, അഫ്‌സല്‍ പുത്തൂര്‍, സിദ്ദീഖ് ബര്‍മ സംസാരിച്ചു.

RELATED STORIES

Share it
Top