എസ്ഡിപിഐ ആര്‍ജി ടീമിനെ ആദരിച്ചു

വൈപ്പിന്‍: പ്രളയം ഏറെ ദുരന്തം വിതച്ച ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നൂറുകണക്കിന് ജീവന്‍ രക്ഷിച്ച എസ്ഡിപിഐ വൈപ്പിന്‍ ആര്‍ജി ടീമില്‍ ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു. എടവനക്കാട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് എടവനക്കാട് നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്. ഇവരില്‍ ഉള്‍പ്പെട്ട വൈപ്പിന്‍ ആര്‍ജി ടീമംഗങ്ങളായ പി ടി സുള്‍ഫിക്കര്‍, കെ എ അബ്ദുല്‍ മുജീബ്, ഇ കെ ഷരീഫ്, പി എം അബ്ദുല്‍നാസര്‍, ഇ എം സലീം, സി എ സത്താര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ ആദരിച്ചത്. പ്രളയത്തെ തുടര്‍ന്ന് വൈപ്പിനിലെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയരുന്ന സമയത്തും പ്രളയം ഏറെ ദുരന്തം വിതച്ച ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് എടവനക്കാട്ടുകാരായിരുന്നു. പ്രളയത്തെ തുടര്‍ന്ന് ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും അനുഭവപ്പെട്ട മാഞ്ഞാലി, ചാലാക്കല്‍, കുത്തിയതോട്, പട്ടം, കൂട്ടുകാട്, ചെങ്ങമാനാട് എന്നിവിടങ്ങളിലാണ് ആര്‍ജി ടീം അംഗങ്ങള്‍ പ്രളയമുണ്ടായ ആദ്യദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുറ്റും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലാക്കല്‍ മെഡിക്കല്‍ കോളജില്‍ അകപ്പെട്ട ഡോക്ടര്‍മാരെയും രോഗികളെയും വിവിധ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ വീടുകളില്‍ കുടുങ്ങി കിടന്ന നൂറുകണക്കിന് പേരെയാണ് ആര്‍ജി ടീം ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തില്‍ രക്ഷപ്പെടുത്തിയത്.

RELATED STORIES

Share it
Top