എസ്ഡിപിഐയുടെ മുദ്രാവാക്യം പ്രസക്തമാവുന്നു: എം കെ ഫൈസി

കോഴിക്കോട്: എസ്ഡിപിഐ രൂപീകരണ കാലം മുതല്‍ തന്നെ ഉയര്‍ത്തുന്ന മുദ്രാവാക്യം നാള്‍ക്കുനാള്‍ പ്രസക്തമാവുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് എസ്ഡിപിഐ മീറ്റ് ദ പ്രസിഡന്റ്‘പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളായ ഭയവും വിശപ്പും ഇല്ലാതാക്കുക എന്നതാണ് പാര്‍ട്ടിയുടെ നിയോഗലക്ഷ്യമായി നിര്‍ണയിച്ചിട്ടുള്ളത്. തുടക്കം മുതല്‍ തന്നെ ദേശീയ സ്വഭാവത്തോട് കൂടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികം, ഭരണപരം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളെ സംബന്ധിച്ചും പാര്‍ട്ടിക്ക് കൃത്യവും സുതാര്യവുമായ കാഴ്ചപ്പാടുകളുണ്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയും സമൂഹത്തിലെ സാധാരണക്കാരെ അഭിമുഖീകരിക്കുന്നില്ല. രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ്. വോട്ടുബാങ്കുകള്‍ മാത്രമായി ജനങ്ങള്‍ മാറുന്നു. ന്യൂനപക്ഷ വിഭാഗങ്ങളോട് മുഖ്യധാരകള്‍ സ്വീകരിക്കുന്ന നിഷേധ നിലപാടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐയുടെ സാധാരണ ജനങ്ങളെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്- അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മജീദ് മൈസൂര്‍, മുഹമ്മദ് ഷാഫി രാജസ്ഥാന്‍, ദേശീയ ഖജാഞ്ചി അഡ്വ. സാജിദ് സിദ്ധീഖി സംബന്ധിച്ചു.

RELATED STORIES

Share it
Top