എസ്ഡിപിഐക്കെതിരേ സിപിഎം-പോലിസ് ഭീകരത; വ്യാപക പ്രതിഷേധം

മലപ്പുറം: എസ്ഡിപിഐക്കെതിരേ സിപിഎമ്മും പോലിസും നടത്തിവരുന്ന ഭീകരതയെയും അപവാദ പ്രചാരണത്തെയും ചെറുത്തുതോല്‍പിക്കുന്നതിന് സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മഞ്ചേരിയിലും തിരൂരിലും മാര്‍ച്ച് നടന്നു. എസ്ഡിപിഐയുടെ വളര്‍ച്ചയില്‍ വിറളി കൊള്ളുന്ന സിപിഎം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരേ നിരന്തരം ഉന്നയിച്ച് സ്വയം അപഹാസ്യരാവുകയാണെന്ന് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി മഞ്ചേരിയിലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
മഹാരാജാസ് കോളജില്‍ നടന്ന അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന തേര്‍വാഴ്ച തികച്ചും അപലപനീയമാണ്.
ജനകീയ സമരങ്ങളെ ആക്ഷേപിച്ചും സമരക്കാരെ തീവ്രവാദികളാക്കിയും പൊതുസമൂഹത്തില്‍ ചിത്രീകരിക്കുന്ന പിണറായി മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ തന്നെ അയോഗ്യനാണ്. ജിഷ്ണു പ്രണോയ്, വിനായകന്‍, കെവിന്‍, ശ്രീജിത്ത്, ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളെയും പാവങ്ങളെയും കൊന്നുതള്ളിയ ആഭ്യന്തരവകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും പാര്‍ട്ടി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പി പി ഷൗക്കത്ത്, സി വി നൗഷാദ്, പി ഹംസ, ലത്തീഫ് വല്ലാഞ്ചിറ,കെ പി അലവി, ഇ പി മുഹമ്മദ് റഹീസ്, സി അക്ബര്‍ സംസാരിച്ചു.
തിരൂരില്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എ കെ മജീദ്, ജില്ലാ ഖജാഞ്ചി സൈതലവി ഹാജി, ഹമീദ് പരപ്പനങ്ങാടി, നൗഷാദ് എടക്കുളം സംസാരിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ചു പോലിസിനെ കൊണ്ട് സംസ്ഥാന വ്യപകമായി നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപെട്ടു. അലവി കണ്ണംകുളം, മുസ്തഫ വള്ളിക്കുന്ന്, അഷ്‌റഫ് തിരൂര്‍, റഹീസ് പുറത്തൂര്‍, ഖമറുദ്ദീന്‍ വേങ്ങര, സദഖത്തുല്ല താനൂര്‍, അന്‍വര്‍ പൊന്നാനി, മരക്കാര്‍ മാങ്ങാട്ടൂര്‍, നൂറുല്‍ ഹഖ് മാര്‍ച്ചിന് നേതൃത്വം നല്‍കി. മഞ്ചേരിയിലും തിരൂരിലും നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

RELATED STORIES

Share it
Top