എസ്ഡിപിഐക്കെതിരേ അപവാദപ്രചാരണം: സിപിഎം പ്രവര്‍ത്തകന് വക്കീല്‍ നോട്ടീസ്

തലശ്ശേരി: പാര്‍ട്ടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദപ്രചാരണം നടത്തുകയും പ്രവര്‍ത്തകരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരേ എസ്ഡിപിഐ നിയമനടപടിക്കൊരുങ്ങുന്നു. സൈദാര്‍പള്ളിയിലെ റിക്മാസില്‍ മുഹമ്മദ് കിലാബിനെതിരേഎസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തിക്കെതിരേ നഷ്ടപരിഹാരവും ഭീഷണിക്കെതിരേ ക്രിമിനല്‍ നടപടിയും സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഇക്കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം.
സൈദാര്‍പള്ളി ഇമാമിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി വാട്‌സ്ആപ്പിലൂടെയും പൊതുജനങ്ങളിലൂടെയും കിലാബ് വ്യാജപ്രചാരണം നടത്തുകയായിരുന്നു. കൂടാതെ, എസ്ഡിപിഐക്കാരെ അപായപ്പെടുത്താന്‍ ആളുകളെ തയ്യാറാക്കി നിര്‍ത്തിയെന്നും ഇയാള്‍ പറഞ്ഞു.
നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അല്ലാത്തപക്ഷം സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top