എസ്ഡിപിഐക്കാര്‍ സ്റ്റേഷനില്‍ നമസ്‌കരിച്ചെന്ന്; മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: പോലിസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐക്കാര്‍ പോലിസ് സ്‌റ്റേഷനില്‍ നമസ്‌കരിച്ചതിനു കാരണക്കാരെന്ന് ആരോപിച്ച് മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവദിവസം തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന പാറാവുകാരന്‍ മാഹീന്‍, റൈറ്റര്‍ ഷിജു, നൗഷാദ് എന്നീ പോലിസുകാരെയാണ് ഇടുക്കി ജില്ലാ പോലിസ് സൂപ്രണ്ട് കെ ബി വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, എസ്പിയുടെ നടപടിക്കു പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ ഏരിയാ കമ്മിറ്റിയുടെയും സമ്മര്‍ദമാണെന്ന് ആക്ഷേപം ഉയര്‍ന്നു. കഴിഞ്ഞദിവസമാണ് സിപിഎം ഓഫിസ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 3 എസ്ഡിപിഐക്കാരെ തൊടുപുഴ പോലിസ് പിടികൂടി ലോക്കപ്പില്‍ അടച്ചത്. കോടതിയില്‍ ഹാജരാക്കാന്‍ കാത്തിരിക്കുന്നതിനിടെ നമസ്‌കാരസമയം ആയതോടെ മൂവരും അവിടെത്തന്നെ നമസ്‌കരിക്കുകയായിരുന്നു. ഈ സംഭവമാണ് രഹസ്യാന്വേഷണവിഭാഗം പോലിസുകാരുടെ വീഴ്ചയാണെന്ന് വരുത്തി എസ്പിക്ക് റിപോര്‍ട്ട് നല്‍കിയത്.
അതേസമയം, എസ്ഡിപിഐക്കാരെ പോലിസുകാര്‍ സഹായിച്ചതു കൊണ്ടാണ് ജാമ്യം കിട്ടിയതെന്ന വ്യാപക പ്രചാരണം സിപിഎം നടത്തുന്നുമുണ്ട്. സിപിഎം സമ്മര്‍ദത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം പോലും നടത്താതെ എസ്പി നടപടി സ്വീകരിക്കുകയായിരുന്നെന്നു പറയുന്നു. ഒരു പോലിസുകാരനെതിരേ കൂടി നടപടി എടുക്കാന്‍ സിപിഎം പോലിസിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണു വിവരം.

RELATED STORIES

Share it
Top