എസ്ഡിടിയു മെയ്ദിന റാലി കൊല്ലത്തും കോട്ടയ്ക്കലിലും സംഘടിപ്പിക്കും



കൊല്ലം: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ എസ്ഡിടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടക്കന്‍ കേരളത്തിലെ പരിപാടി മലപ്പുറം കോട്ടയ്ക്കലിലും തെക്കന്‍ കേരളത്തിലെ പരിപാടി കൊല്ലം ചിന്നക്കടയിലും നടക്കും. ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശമുയര്‍ത്തിയാണ് മെയ്ദിന റാലി നടത്തുന്നത്. വര്‍ത്തമാന ഇന്ത്യയില്‍ അധികാരി വര്‍ഗ്ഗവും കുത്തക മുതലാളിത്തവും തൊഴിലാളി വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ സമരവീര്യത്തെ ആളികത്തിക്കുകയാണ് എസ്ഡിടിയു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അടുത്ത മാസം ഒന്നിന് വൈകീട്ട് നാലിന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലി ആരംഭിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ചിന്നക്കടയില്‍ നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, എ കെ അബ്ദുല്‍ മജീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീന്‍, സുല്‍ഫിക്കര്‍ അലി, എ കെ സലാഹുദ്ദീന്‍, അബ്ദുല്‍ ലത്തീഫ്, എ നിസാര്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിടിയു സംസ്ഥാന സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍, സംസ്ഥാന സമിതിയംഗങ്ങളായ നാസര്‍ പുറക്കാട്, അഷ്‌റഫ് ചുങ്കപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് ലെനിന്‍ മങ്ങാട്, ജില്ലാ സെക്രട്ടറി സുധീര്‍ കടപ്പാക്കട പങ്കെടുത്തു.

RELATED STORIES

Share it
Top