എസ്എസ്എല്‍സി വിജയശതമാനം 96.90 : ജില്ലയില്‍ 32494 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അര്‍ഹതകൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 96.90 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാല്‍ വിജയശതമാനത്തില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 97.31 ശതമാനമായിരുന്നു വിജയം. 33,533 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 32494 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 8498 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8314 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 6776 വിദ്യാര്‍ഥികളില്‍ 6544 പേരും കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 18259 പേരില്‍ 17363 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച 177 ആണ്‍കുട്ടികളും 189 പെണ്‍കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച 356 ആണ്‍കുട്ടികളും 299 പെണ്‍കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പടെ 1039 പേര്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാനാകാതെ പോയത്. ജില്ലയില്‍ 2050 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2391 ആയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച 708 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 1189 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 153 കുട്ടികള്‍ക്കുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള എ പ്ലസുകാരുടെ എണ്ണത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍. 854 പേര്‍ക്കാണ് ഇവിടെ മുഴുവന്‍ എ പ്ലസ് ലഭിച്ചത്. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 736 പേര്‍ക്കും പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 460 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

RELATED STORIES

Share it
Top