എസ്എസ്എല്‍സി ഫലം ഇന്ന് ; സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഫലം വന്നില്ല

മടവൂര്‍  അബ്ദുല്‍  ഖാദര്‍

ഇരിക്കൂര്‍: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നറിയാനിരിക്കെ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ രാഷ്ട്രപതി പുരസ്‌കാര്‍ ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ 3,000ഓളം വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യത. എസ്എസ്എല്‍സി വരെയുള്ള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് രാഷ്ട്രപതി പുരസ്‌കാരം.
ഇതു ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 24 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉന്നതപഠനത്തിന് വെയിറ്റേജുമുണ്ട്. പ്രീ ടെസ്റ്റും പ്രയോഗിക പരീക്ഷയും  എഴുത്തുപരീക്ഷയും കഴിഞ്ഞാല്‍ മാത്രമേ രാഷ്ട്രപതി പുരസ്‌കാറിന് അര്‍ഹത ലഭിക്കൂ. വിദ്യാര്‍ഥികളുടെ സാമൂഹിക സേവന മനോഭാവം കൂടി പുരസ്‌കാരത്തിന് പരിഗണിക്കും. ഈ വര്‍ഷം 3000ഓളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തു നിന്നു രാഷ്ട്രപതി പുരസ്‌കാര്‍ പരീക്ഷയില്‍ പങ്കെടുത്തത്. ഡിസംബറിലായിരുന്നു പരീക്ഷ. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാ ല്‍, ഇത്തവണ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തിയ്യതി അടുത്തെത്തിയിട്ടും ഫലം പ്രസിദ്ധീകരിക്കാനായിട്ടില്ല.
ഈയാഴ്ച ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രപതി പുരസ്‌കാറിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
അതേസമയം, രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അധികൃതര്‍ നല്‍കുന്ന മറുപടി.
രാഷ്ട്രപതി ഭവനില്‍ നിന്നു നല്‍കുന്ന അധ്യാപക അവാര്‍ഡ് പോലുള്ള മറ്റു പുരസ്‌കാരങ്ങളുടെ അതേ ഗണത്തില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പുരസ്‌കാരത്തെയും ഉള്‍പ്പെടുത്തിയതുകൊണ്ടാണ് വിദ്യാര്‍ഥികളുടെ എണ്ണം 2000ല്‍ ഒതുക്കണമെന്നു നിര്‍ദേശിച്ചത്. രാഷ്ട്രപതി പുരസ്‌കാര്‍ ലഭിക്കുന്നതില്‍ പകുതിയിലധികം വിദ്യാര്‍ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍, പരീക്ഷാ ഫലം വൈകുന്നത് കൂടുതല്‍ ബാധിക്കുന്നത് ഈ വിദ്യാര്‍ഥികളെയാണ്.

RELATED STORIES

Share it
Top