എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജില്ലയില്‍ 11,399 വിദ്യാര്‍ഥികള്‍ ്

പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. ജില്ലയില്‍ നിന്ന് 11,399 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുകുന്നത്. 169 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. 28നാണ് പരീക്ഷ സമാപിക്കുന്നത്.
കുട്ടികളില്‍ 7,281 പേര്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും, 4,118 പേര്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുമാണ് പരീക്ഷ എഴുതുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലാണ് ഇക്കുറി കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുക. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 2006 പെണ്‍കുട്ടികളും 2111 ആണ്‍കുട്ടികളുമാണ് പരീക്ഷയില്‍ പങ്കെടുക്കുക. തിരുവല്ല  എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 384 കുട്ടികള്‍. 345 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി കോന്നി ആര്‍വി എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ലയിലെ പെരിങ്ങര ജിഎച്ച്എസിലാണ്, രണ്ടുപേര്‍. പത്തനംതിട്ടയില്‍ 105ഉം തിരുവല്ല വിദ്യാഭ്യാസജില്ലയില്‍ 64 ഉം പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ചോദ്യപേപ്പറുകള്‍  12 ക്ലസ്റ്ററുകളുടെ കീഴിലുള്ള ട്രഷറിയിലും  ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ അതത് സ്‌കൂളുകളില്‍  ചോദ്യപേപ്പര്‍ എത്തിക്കും. പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സമീപത്തെ പോസ്റ്റ്് ഓഫീസ് മുഖേന മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കും.
എല്ലാദിവസവും ഉച്ചകഴിഞ്ഞ് 1.45ന് പരീക്ഷ ആരംഭിക്കും. ഇന്ന് ഒന്നാംഭാഷ (മലയാളം) പാര്‍ട്ട് ഒന്ന് പരീക്ഷയാണ്. 3.30 വരെയാണ് സമയം. എട്ടിന്  ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13നു മൂന്നാം ഭാഷ (ഹിന്ദി), 14നു ഫിസിക്‌സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26നു സോഷ്യല്‍ സയന്‍സ് , 28ന് ഇംഗ്ലീഷ് എന്നിങ്ങനെയാണു മറ്റു പരീക്ഷകള്‍.   ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് പരീക്ഷകള്‍ക്ക് 4.30വരെ സമയമുണ്ടാകും.

RELATED STORIES

Share it
Top