എസ്എസ്എല്‍സി പരീക്ഷനൂറുമേനി വിജയത്തിനായി വിദ്യാര്‍ഥികളെ 'മനോരോഗി'കളാക്കുന്നു

പി എസ്  അസയ്‌നാര്‍

മുക്കം: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം ലക്ഷ്യമിട്ട് വിദ്യാര്‍ഥികളെ 'മനോരോഗി'കളാക്കുന്നതായി പരാതി. വിജയശതമാനം ഉയര്‍ത്തി 'ക്രെഡിറ്റ്' സ്വന്തമാക്കാനുള്ള വിദ്യാലയങ്ങള്‍ തമ്മിലുള്ള കിടമല്‍സരത്തില്‍ നിരപരാധികളായ കുട്ടികളാണ് ബലിയാടാവുന്നത്. ഐ. ക്യു (ഇന്റലിജന്‍സ് ക്വാഷ്യന്റ്) ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയാണ് കുട്ടികളെ മാനസിക വളര്‍ച്ചയെത്താത്തവരായി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തെ ഒട്ടേറെ വിദ്യാലയങ്ങളില്‍ ഈ പ്രവണത നിലനില്‍ക്കുന്നുണ്ട്. മിക്ക വിദ്യാലയങ്ങളിലും ധാരാളം വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശരാശരിക്കും താഴെയായിരിക്കും. ഇവര്‍ പരീക്ഷയെഴുതിയാല്‍ തോല്‍ക്കുമെന്ന് കണക്കുകൂട്ടിയാണ് പരീക്ഷ എഴുതാന്‍ സഹായിയെ നല്‍കുന്നതിനായി ഇത്തരത്തില്‍ സൂത്രപ്പണി ഒപ്പിക്കുന്നത്. 10ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പാദവാര്‍ഷിക പരീക്ഷയുടെ ഉത്തരക്കടലാസ്, നോട്ടുബുക്ക്, അധ്യാപകര്‍ നല്‍കുന്ന റിപോര്‍ട്ട് എന്നിവ പരിഗണിച്ചും വായനയിലും എഴുത്തിലുമുള്ള വിദ്യാര്‍ഥിയുടെ പ്രകടനം മുന്‍നിര്‍ത്തി ആദ്യം ക്ലാസ് ടീച്ചറും തുടര്‍ന്ന്, റിസോഴ്‌സ് ടീച്ചറുമാണ് റിപോര്‍ട്ട് നല്‍കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന റിപോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ അംഗീകൃത മനോരോഗ വിദഗ്ധന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പിന്നെ വിദ്യാര്‍ഥി 'മനോരോഗി 'യായി. ഈ വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ സഹായിക്കുന്നതിന് ഒരു ബൈസ്റ്റാന്ററെയും ലഭിക്കും. പരീക്ഷയ്ക്ക് സഹായിയെ കിട്ടുമെന്നു പറഞ്ഞ് അറിയുന്ന ചോദ്യങ്ങള്‍ക്കു പോലും മറുപടി പറയരുതെന്നു നിര്‍ദേശവും നല്‍കിയാണ് കുട്ടികളെ പരിശോധകര്‍ക്കു മുന്നില്‍ ഹാജരാക്കുന്നത്.മല്‍സരാധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമായ ഇക്കാലത്ത് വിദ്യാലയങ്ങള്‍ക്ക് നൂറ് ശതമാനം വിജയം ലഭിക്കുന്നതിനായി ഇത്തരത്തില്‍ വിദ്യാര്‍ഥികളെ വലിയതോതിലാണ് മനോരോഗികളാക്കുന്നത്. ജില്ലയിലെ ചില സ്‌കൂളുകളില്‍ ഇതിനെതിരേ രക്ഷിതാക്കള്‍ തന്നെ രംഗത്തുവന്നതോടെ പരാതിക്കാരുടെ മക്കളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹായിയെ നിയമിക്കുന്നതിലും ചില സ്‌കൂളുകളില്‍ കള്ളക്കളി നടക്കുന്നതായി പരാതിയുണ്ട്. ഒമ്പതാം ക്ലാസിലോ അതിന്റെ താഴെയോ പഠിക്കുന്ന കുട്ടികളെ മാത്രമേ ഇങ്ങനെ നിയമിക്കാന്‍ പാടുള്ളൂ എന്നിരിക്കേ, ഈ നിയമവും ലംഘിക്കപ്പെടുന്നു. ഐക്യു ടെസ്റ്റിനായി പോവുന്ന വിദ്യാര്‍ഥികളോട് ഇതു പരീക്ഷ ജയിക്കാനുള്ള എളുപ്പവഴിക്കായുള്ള ടെസ്റ്റാണെന്നും നിങ്ങള്‍ക്ക് അറിയാവുന്ന ഉത്തരങ്ങള്‍ പോലും തെറ്റായി പറയണമെന്നും ചില അധ്യാപകര്‍ പറയുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാരുടെ കുട്ടികളെയാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്. മനോരോഗ വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അപേക്ഷ കൂടി വേണമെന്നിരിക്കേ, ഇതു മറികടക്കാന്‍ ഇംഗ്ലീഷിലുള്ള ഫോമില്‍ രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീപ്പിക്കുകയാണ് ചെയ്യുന്നത്.

RELATED STORIES

Share it
Top