എസ്എസ്എല്‍സി : ജില്ലയ്ക്ക് സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനംകോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 98.209 ശതമാനം വിജയം. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി മികച്ച പ്രകടനമാണ് അക്ഷരനഗരിയായ കോട്ടയത്തെ കുട്ടികള്‍ കാഴ്ചവച്ചിരിക്കുന്നത്. 98.82 ശതമാനം നേടിയ പത്തനംതിട്ടയാണു കോട്ടയത്തിനു മുന്നില്‍. ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് കോട്ടയത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. കഴിഞ്ഞ തവണ നാലാം സ്ഥാനം നേടിയ ജില്ല ഇത്തവണ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 97.86 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ജില്ലയില്‍ 21,769 പേര്‍ പരീക്ഷയെഴുതിയതില്‍ 21,379 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 10,622 പേര്‍ ആണ്‍കുട്ടികളും 10,757 പേര്‍ പെണ്‍കുട്ടികളുമാണ്. 390 പേര്‍ക്കാണ് ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാതെ പോയത്. ജില്ലയില്‍ 966 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി മികവു പുലര്‍ത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 41 (ആണ്‍-6, പെണ്‍- 35) പേര്‍ക്കും എയ്ഡഡില്‍ നിന്ന് 795 (ആണ്‍- 241, പെണ്‍- 554) പേര്‍ക്കും അണ്‍ എയ്ഡഡ് മേഖലയില്‍നിന്ന് 130 (ആണ്‍-56, പെണ്‍-74) കുട്ടികളുമാണ് എ പ്ലസ് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവര്‍ 934 ആയിരുന്നു. മുഴുവന്‍ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയതില്‍ മുന്നില്‍ പെണ്‍കുട്ടികളാണ്- 663. ആണ്‍കുട്ടികളില്‍ 303 പേരാണ് എ പ്ലസ് സ്വന്തമാക്കിയത്. ജില്ലയില്‍ 148 സ്‌കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ഇതില്‍ 42 സര്‍ക്കാര്‍ സ്‌കൂളുകളും 87 എയ്ഡഡ് സ്‌കൂളുകളും 19 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ എയ്ഡഡ് സ്‌കൂളുകളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതില്‍ മുന്നില്‍. എയ്ഡഡ് മേഖലയില്‍നിന്ന് 18,000 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 17,704 പേര്‍ വിജയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 2,419 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 2,327 പേരും അണ്‍ എയ്ഡഡില്‍ 1,350 പേര്‍ പരീക്ഷയെഴുതിയതില്‍ 1,348 പേരും യോഗ്യരായി. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ ഫലം പരിശോധിക്കുമ്പോള്‍ 99.36 ശതമാനവുമായി കടുത്തുരുത്തിയാണ് മുന്നില്‍. 3,618 പേര്‍ പരീക്ഷയെഴുതിയ ഇവിടെ 3,595 പേര്‍ വിജയിച്ചു. ഇതില്‍ 207 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. പാല- 98.9, കാഞ്ഞിരപ്പള്ളി- 97.87, കോട്ടയം- 97.66 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസ ജില്ലകളുടെ വിജയശതമാനം. പാലാ വിദ്യാഭ്യാസ ജില്ലയില്‍ 3,652 പേര്‍ പരീക്ഷയെഴുതിയതില്‍ 3,612 പേരും കാഞ്ഞിരപ്പള്ളിയില്‍ 5,640 കുട്ടികളില്‍ 5,520 പേരും കോട്ടയത്ത് 8,859 പേര്‍ പരീക്ഷയെഴുതിയതില്‍ 8,652 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

RELATED STORIES

Share it
Top