എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയിലെടുത്തു; സിപിഎം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

ഇരിട്ടി:  സ്‌കൂള്‍ കോംപൗണ്ടില്‍ പതാക ഉയര്‍ത്തുകയായിരുന്ന എസ്എഫ്‌ഐ നേതാവിനെ അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. തില്ലങ്കേരി സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
എസ്എഫ്‌ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയംഗം രാഹുലിനെയാണ് എസ്‌ഐ പി രാജേഷ് കസ്റ്റഡിയിലെടുത്തത്. ഇതോടെ തില്ലങ്കേരിയിലെ സിപിഎം നേതാക്കളായ കെ എ ഷാജി, ബാബു ഇയ്യംബോഡ്, പി പി സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുമ്പില്‍ ഉപരോധം തുടങ്ങി.
ഒടുവില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വൈകീട്ട് മൂന്നോടെ ഉപരോധം അവസാനിപ്പിച്ചു. സ്‌കൂള്‍ അധികൃതരുടെ പരാതിപ്രകാരം, നിയമവിരുദ്ധമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തുന്നതു തിരക്കിയപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതു കൊണ്ടാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു.
എന്നാല്‍, തങ്ങള്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം.  പോലിസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ രാഹുലിനെതിരേ കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top