എസ്എഫ്‌ഐ ആക്രമണം: പ്രതിഷേധ ശബ്ദങ്ങള്‍ ഒന്നിക്കണം- കാംപസ് ഫ്രണ്ട്‌

കോഴിക്കോട്:കാംപസുകളില്‍ എസ്എഫ്‌ഐ തുടരുന്ന ആക്രമണങ്ങള്‍ക്ക് എതിരേ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങള്‍ ഒരുമിക്കണമെന്നു കാംപസ് ഫ്രണ്ട്. യൂനിവേഴ്‌സിറ്റികളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം കേരളത്തിലെ കാംപസുകളില്‍ വ്യാപകമായ അക്രമമാണ് ഇതര വിദ്യാര്‍ഥി സംഘടനയില്‍പെട്ടവര്‍ക്കെതിരേ എസ്എഫ്‌ഐ അഴിച്ചുവിടുന്നത്.  വ്യാപകമായി ഫഌക്‌സും കൊടിതോരണങ്ങളും പരസ്യമായി നശിപ്പിച്ചു. കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തിനു സമാനമായ രീതിയില്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. ഭരണകക്ഷിയിലെ തന്നെ വിദ്യാര്‍ഥി നേതാവിനെ സിഎംഎസ് കോളജില്‍ മര്‍ദിച്ച് അവശനാക്കി. വണ്ടിപ്പെരിയാര്‍ പോളിടെക്‌നികില്‍ റാഗിങും ഭീഷണിയും നടത്തി പെണ്‍കുട്ടിയുടെ പഠനം നിര്‍ത്തിക്കുകയും എതിര്‍ത്തവരെ അക്രമിക്കുകയും ചെയ്തു. മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ അക്രമപരമ്പര സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുകയാണ് എസ്എഫ്‌ഐ ചെയ്തത്. വ്യാപകമായി അക്രമം നടത്തി തങ്ങള്‍ക്കെതിരായ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് എസ്എഫ്‌ഐയുടെ ശ്രമം. കാംപസ് ജനാധിപത്യത്തിന്റെ അന്തകരായി ഇവര്‍ മാറിയിരിക്കുന്നു. ഈ അവസരത്തില്‍ വിദ്യാര്‍ഥിസമൂഹവും ഇരകളാക്കപ്പെടുന്നവരും ഒരുമിക്കേണ്ടതുണ്ട്. കെഎസ്‌യു സംസ്ഥാന നേതൃത്വം കാംപസുകളില്‍ പ്രതിരോധം ആവശ്യമാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ജനാധിപത്യപരവും ജനകീയവുമായ പ്രതിഷേധത്തിലൂടെ എസ്എഫ്‌ഐ അക്രമണം തടഞ്ഞുനിര്‍ത്തണമെന്നും ഇരകള്‍ ഒരുമിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ അല്‍ബിലാല്‍ സലീം, നസീഹ ബിന്‍ത് ഹുസയ്ന്‍, സെക്രട്ടറി സി പി അജ്മല്‍, ഖജാഞ്ചി ഷെഫീഖ് കല്ലായി, കമ്മിറ്റിഅംഗങ്ങളായ എസ് മുഹമ്മദ് റാഷിദ്, ആസിഫ് നാസര്‍, വി മുഹമ്മദ് സാദിഖ്, പി വി ഷെഫീഖ്, എം ബി ഷെഫിന്‍, ആരിഫ് മുഹമ്മദ്, ഹാദിയ റഷീദ്, ഫായിസ്, ഹസ്‌ന ഫെബിന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top