എസ്എഫ്‌ഐക്കാര്‍ ടൈംസ് ഓഫ് ഇന്ത്യ ഓഫിസില്‍ കയറി പത്രം കത്തിച്ചു

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ വാര്‍ത്തയുടെ തലവാചകം ശരിയല്ലെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസില്‍ കയറി പത്രം കത്തിച്ചു.
സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പോലിസ് പറഞ്ഞു. ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിലെത്തിയ ശേഷം റിസപ്ഷനില്‍ വച്ചു പത്രത്തിന്റെ കോപ്പി കത്തിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കണ്ടാലറിയാവുന്ന 10ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
വാര്‍ത്ത തലവാചകത്തിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫിസിനകത്തു കയറി പത്രം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നു പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിനു വിഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്നും പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതന്‍ പി ബാലനും പറഞ്ഞു.

RELATED STORIES

Share it
Top