എസിപിയുടെ പേരില്‍ വ്യാജ വോയ്‌സ്

ക്ലിപ്പ്: കേസെടുത്തുകൊച്ചി: എറണാകുളം അസി. പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയുടേതെന്ന പേരില്‍ വ്യാജ വോയ്‌സ് ക്ലിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സമീപകാലത്തു നഗരത്തില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണു വ്യാജ വോയ്‌സ് ക്ലിപ്പ് പ്രചരിപ്പിക്കുന്നത്. വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ നിര്‍ദേശങ്ങളാണു വോയ്‌സ് ക്ലിപ്പിലൂടെ പ്രചരിക്കുന്നത്. ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതാണ് ഈ വോയ്‌സ് ക്ലിപ്പെന്നു പോലിസ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.
വ്യാജ മെസേജിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വോയ്‌സ് ക്ലിപ്പ് ഷെയര്‍ ചെയ്തതായി വിവരം ലഭിച്ച ആളുകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്നും പോലിസ് പറഞ്ഞു. ചിലരെ നിരീക്ഷിച്ചു വരുന്നതായും ഈ വ്യാജ വോയ്‌സ് ക്ലിപ്പ് ഇനി പ്രചരിപ്പിക്കുന്നവരും ഷെയര്‍ ചെയ്യുന്നവരും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പ്രതികളാവുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top