എഴുപുന്ന പാറായില്‍ പള്ളിയിലും ഭൂമി കുംഭകോണം; നഷ്ടമായത് 3.24 കോടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന സംബന്ധിച്ച വിവാദം മുറുകുന്നതിനിടെ എഴുപുന്ന പാറായില്‍ പള്ളിയിലെ ഭൂമി കുംഭകോണം സംബന്ധിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു.
ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തി ഗുരുതര അഴിമതി കണ്ടെത്തി റിപോര്‍ട്ട് നല്‍കി നാലു വര്‍ഷം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് എഴുപുന്ന സെന്റ് റാഫേല്‍സ് ചര്‍ച്ച് ലേമെന്‍ അസോസിയേഷന്‍ ആരോപിച്ചു.
2012 ആഗസ്ത് 19ന് പൊതുയോഗത്തില്‍ ചോദ്യംചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ എം ജോസഫ് പെരുമനയുടെ അധ്യക്ഷതയില്‍ ഏഴംഗ സമിതിയെ വാര്‍ഷിക പൊതുയോഗം നിയോഗിച്ചത്. യാതൊരു ആവശ്യവുമില്ലാത്ത സമയത്തും സാഹചര്യത്തിലുമാണ് പള്ളി വക സ്ഥലം വിറ്റഴിച്ചതെന്ന് സമിതി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം കരാര്‍ എഴുതിയ ശേഷം അത് സംരക്ഷിക്കുന്നതിന് കൗണ്‍സിലില്‍ ചര്‍ച്ചയും തീരുമാനങ്ങളും അനുമതിയും നല്‍കുകയായിരുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
സെന്റിനു മൂന്നു ലക്ഷം രൂപ വില വരുന്ന ഭൂമി ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റത്. പാടമായിരുന്ന ഭൂമി നികത്തി നല്‍കാന്‍ സെന്റിന് 20,000 രൂപ മാത്രമേ ചെലവു വരുമായിരുന്നുള്ളൂ. എന്നാല്‍, അതിനു തയ്യാറാവാതെയാണ് മൂന്നര ഏക്കര്‍ ഭൂമി കൈമാറിയത്. അതിലൂടെ ഇടപാടുകാരന് വന്‍തുക ലാഭമുണ്ടാക്കുന്നതിന് അവസരമൊരുക്കി. 35 ലക്ഷം രൂപ മാത്രം അഡ്വാന്‍സ് നല്‍കിയായിരുന്നു വില്‍പന ഉറപ്പിച്ചത്. ദേശീയപാതയ്ക്ക് അരകിലോമീറ്റര്‍ മാത്രം അകലെയുള്ള ഭൂമി വില്‍പനയിലൂടെ പള്ളിക്ക് കിട്ടേണ്ടിയിരുന്നത് 4.29 കോടി രൂപയായിരുന്നു. എന്നാല്‍, കണക്കനുസരിച്ച് ലഭിച്ചത് 1.05 കോടി. നഷ്ടമായത്- 3.24 കോടി രൂപ.
ഇത്രയും രൂപ നഷ്ടം വരുത്തിയിട്ടും കേസ് കൊടുക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ലഭ്യമായ രേഖകള്‍ പരിശോധിച്ചതിലൂടെ തികച്ചും അധാര്‍മികവും ഇടവകയ്ക്ക് വന്‍നഷ്ടമുണ്ടാക്കിയതുമായ ഇടപാടാണ് നടന്നതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. നഷ്ടം പരിഹരിക്കാനും ഭാവിയില്‍ ഇത്തരം ഭൂമി കുംഭകോണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉചിതമായ നടപടികള്‍ ഉണ്ടാകണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയുണ്ടായില്ലെന്ന് ചര്‍ച്ച് ലേമെന്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, ക്രൈസ്തവ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ്് ജോര്‍ജ് മാത്യു, റെജി റാഫേല്‍, എന്‍ കെ വക്കച്ചന്‍, കെ എ തങ്കച്ചന്‍, പി എന്‍ വിജയന്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top