എഴുത്തുകാരന്‍ ഹരീഷിന് പിന്തുണയുമായി സാംസ്‌കാരിക ലോകംതിരുവനന്തപുരം: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി സാംസ്‌കാരികലോകം. മതമൗലിക വാദികളുടെ ഭീഷണി കണ്ട് നോവല്‍ പിന്‍വലിക്കരുതെന്നും പൊതുസമൂഹം ഹരീഷിനൊപ്പം നില്‍ക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേസമയം, സംഭവം കേരളത്തിന് തന്നെ അപമാനകരമാണെന്നും വിഷയത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിലപാട് ദുരൂഹമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ പ്രതിഷേധം ശക്തമായതോടെയാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കിയത്. നവമാധ്യമങ്ങളില്‍ ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ സഹിതം ചേര്‍ത്തായിരുന്നു പ്രചരണം. തനിക്കും കുടുംബത്തിനും ചില സംഘടനകളുടെ നിരന്തര ഭീഷണിയുണ്ടെന്നും ഹരീഷ് പറഞ്ഞിരുന്നു. ഹരീഷിന് പിന്തുണയുമായി സാഹിത്യസാമൂഹിക രംഗത്തെ നിരവധി പേരാണ് ഇന്ന് രംഗത്ത് വന്നത്. എഴുത്ത് അവസാനിപ്പിക്കരുതെന്നും സര്‍ക്കാരിന്റെ പിന്തുണ ഹരീഷിനുണ്ടെന്നും മന്ത്രി ജി സുധാകരന്‍ മലപ്പുറത്ത് പറഞ്ഞു.നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കല്‍ബുര്‍ഗിയെയും ധബോല്‍ഗറെയും ഇല്ലാതാക്കിയവര്‍ക്ക് കേരളത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നത് അപകടകരമാണ്. കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന ആഭ്യന്തരവകുപ്പിന്റ നിലപാട് ദുരൂഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വേദിയ്ക്കരികെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും ചിത്രകാരന്‍മാരും ക്യാന്‍വാസില്‍ എഴുതി ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ രംഗത്ത് വന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും തലസ്ഥാനത്ത് നടന്നു. എഴുത്തുകാരായ പികെ പാറക്കടവ്, കെവി പ്രശാന്ത് കുമാര്‍, തനൂജ എസ് ഭട്ടതിരി തുടങ്ങിയവരും ശക്തമായ ഭാഷയിലാണ് അവരുടെ പ്രതികരണം രേഖപ്പെടുത്തിയത്.

RELATED STORIES

Share it
Top