എളങ്കുന്നപ്പുഴയില്‍ അവിശ്വാസം പാസായി; എല്‍ഡിഎഫ് പ്രസിഡന്റ് പുറത്ത്

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് പുറത്തായി. ബിജെപി-കോണ്‍ഗ്രസ്, സ്വതന്ത്രര്‍ എന്നിവരുടെ എതിരായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് രണ്ടര വര്‍ഷമായി പ്രസിഡന്റായിരുന്ന സിപിഎമ്മിലെ വി കെ കൃഷ്ണന്‍ പുറത്തായത്.
ശനിയാഴ്ച നടന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ പുറത്താക്കുകയുമായിരുന്നു. എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നടപടികള്‍ക്ക് ഇടപ്പള്ളി ബ്ലോക്ക് സെക്രട്ടറി ഇ എസ് കുഞ്ഞുമോന്‍ മേല്‍നോട്ടം വഹിച്ചു.
കോണ്‍ഗ്രസ് എട്ട്, ബിജെപി നാല്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചവരുടെ കക്ഷിനില. എന്നാല്‍ ബിജെപിയിലെ ഒരംഗം വൈകി വന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. സിപിഐ എംഎല്‍ അംഗം ഹാജര്‍ രേഖപ്പെടുത്തിയെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസിലെ രസികല പ്രിയരാജ്, കെ കെ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തിനു രംഗത്തുള്ളത്. 2015 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 8, കോണ്‍ഗ്രസ് 8, ബിജെപി 4, സിപിഐ എംഎല്‍ 1, യുഡിഎഫ് വിമതര്‍ 2 എന്ന നിലയിലായിരുന്നു കക്ഷിനില. അന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ വി കെ കൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വിമതയായ റസിയ ജമാല്‍ ആണ് പിന്നീടു നടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇരുപതുവര്‍ഷമായി തുടര്‍ച്ചയായി യുഡിഎഫ് ഭരണത്തിലായിരുന്നു ഈ പഞ്ചായത്ത്.
ഗ്രൂപ്പു തര്‍ക്കവും തമ്മില്‍ തല്ലുമായി ഭരണം നടത്തി അധഃപതനത്തിലായിരുന്ന പഞ്ചായത്തിനെ എല്‍ഡിഎഫ് കരകയറ്റികൊണ്ടുവരുന്നതിനിടയിലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ബിജെപിയുമായി കൂട്ടുകൂടി പ്രസിഡന്റിനെതിരേ അവിശ്വസം കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ലന്നാണ് ഇവരുടെ ആരോപണം.
എല്‍ഡിഎഫ് പ്രസിഡന്റിനെ പുറത്താക്കാന്‍ കൂട്ടുനിന്ന ബിജെപി, വൈസ്പ്രസിഡന്റിനെതിരേ എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വസപ്രമേയത്തില്‍ എന്തു നിലപാടെടുക്കും എന്നതാണ് രാഷ്ട്രീയ കക്ഷികള്‍ ഉറ്റുനോക്കുന്നത്.

RELATED STORIES

Share it
Top