എല്‍പിജി സിലിണ്ടറിന്റെ സീല്‍ ഇളകി ശക്തിയായി ഗ്യാസ് ചോര്‍ന്നു

പത്തനംതിട്ട: എല്‍പിജി സിലണ്ടറിന്റെ സീല്‍ ഇളകി ശക്തിയായി ഗ്യാസ് ചോര്‍ന്നു.സിലണ്ടര്‍ പുറത്തേക്ക് മാറ്റി മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ തീപിടുത്തം ഉണ്ടാകാതെ അപകടം ഒഴിവായി. സ്ഥലത്ത് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ചോര്‍ച്ച അടച്ച് സിലണ്ടറില്‍ വെളളം ഒഴിച്ച് തണുപ്പിച്ച് സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇലവുംതിട്ട നെടിയകാലാ ചൂരപ്പെട്ടിയില്‍ സുരേഷ്‌കുമാറിന്റെ വീട്ടിലാണ് എല്‍പിജി ചോര്‍ന്നത്.
സുരേഷിന്റെ അമ്മ ജാനകി അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടയില്‍ സിലണ്ടറില്‍ നിന്ന് ഗ്യാസിന്റെ ഗന്ധം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുറത്ത് ഉണ്ടായിരുന്ന മകന്‍ സുരേഷ്‌കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സുരേഷ് കുമാര്‍ എത്തി വേഗം സിലണ്ടര്‍ പുറത്ത് എടുത്ത് വച്ചതോടെ ഗ്യാസ് വലിയ തോതില്‍ ചീറ്റി ചോരുകയായിരുന്നു.
ഫയര്‍ ഫോഴ്‌സില്‍ വിളിച്ച ശേഷം ചാക്കും തുണികളും സിലണ്ടറിന്മേല്‍ ഇട്ട് വെളളം ധാരയായി  ഒഴിക്കുകയും വീട്ടിലും പരസരങ്ങളിലും ഉളള ബന്ധങ്ങള്‍ വൈദ്യുതി ഓഫാക്കിയും മുന്‍കരുതലുകള്‍ ചെയ്തുകൊണ്ടിരിക്കെ അര മണിക്കൂറിനുള്ളില്‍ പത്തനംതിട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി സിലണ്ടറിന്റെ ചോര്‍ച്ച അടച്ച് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി.
ഭരത് ഗ്യാസിന്റെ കുളനട പഞ്ചായത്തിലെ രാമന്‍ചിറ ഏജന്‍സിയില്‍ നിന്നും വിതരണം ചെയ്ത എല്‍പിജി സിലിണ്ടറില്‍ നിന്നുമാണ് ഗ്യാസ് ചോര്‍ന്നത്.  ഫയര്‍ഫോഴ്‌സ് അറിയിച്ചതിനെ തുടര്‍ന്ന് ഭരത് ഗ്യാസ് അധികൃതരും എത്തി സിലണ്ടര്‍ പരിശോധിച്ചു.

RELATED STORIES

Share it
Top