എല്‍നിനോ : കാലവര്‍ഷത്തിന്റെ ശക്തി കുറയുംനിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയാന്‍ കാരണമാവുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തില്‍ ചൂട് കൂടി നില്‍ക്കുകയും അത് നാളുകളോളം തുടരുകയും ചെയ്യുന്ന അവസരങ്ങളില്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് എല്‍നിനോ. മണ്‍സൂണ്‍ മേഘങ്ങള്‍ മഴയാവുന്നതിന് മുമ്പ് തന്നെ എല്‍നിനോയില്‍പെട്ട് നശിക്കുന്നു. ഇതോടെ കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുവാനുള്ള സാധ്യത ഇല്ലാതാവും. മണ്‍സൂണിന്റെ ആദ്യപാദങ്ങളായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കാര്യമായി ലഭിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ പെയ്തിറങ്ങേണ്ട മഴയെയാണ് എല്‍നിനോ തകര്‍ക്കുന്നത്. കാലവര്‍ഷത്തിന്റെ 40 ശതമാനം മഴയാണ് രണ്ടാം പാദമായ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ലഭിക്കുന്നത്. കാര്‍ഷിക വൃത്തിക്ക് ഏറെ ഗുണകരമാവുന്നത് രണ്ടാം പാദത്തില്‍ പെയ്യുന്ന മഴയാണെന്നിരിക്കെ എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടാല്‍ ഈ മഴയുടെ അളവ് 30 ശതമാനം മുതല്‍ 40 ശതമാനം വരെ കുറയും. 2015ലെ കാലവര്‍ഷത്തെയും എല്‍നിനോ ബാധിച്ചിരുന്നു. അന്ന് സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് മണ്‍സൂണിന്റെ 30 ശതമാനം മഴയാണ്. മണ്‍സൂണ്‍ ദുര്‍ബലമായത് ആ വര്‍ഷം കേരളത്തിലെ കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചിരുന്നു. എന്നാല്‍,  ആ വര്‍ഷം വേനല്‍ സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഏല്‍പിക്കാതിരുന്നത് കൊണ്ട് തന്നെ മഴ ദുര്‍ബലമായത്തിന്റെ ആഘാതം മറ്റ് മേഖലകളെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ വിഭിന്നമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും കടന്നുപോവുന്നത്. കാലവര്‍ഷത്തിലേക്ക് ഇനിയും 35ലധികം ദിവസങ്ങളുണ്ട്. വേനല്‍ എല്‍പിച്ച വറുതി മാറണമെങ്കില്‍ കാലവര്‍ഷം ശക്തമാവുക തന്നെ വേണം. എന്നാല്‍, എല്‍നിനോ വീണ്ടും എത്തുവാന്‍ 90 ശതമാനം സാധ്യതകളും കാലാവസ്ഥാ നിരീക്ഷകര്‍ കല്‍പിക്കുമ്പോള്‍ കാലവര്‍ഷത്തെഅത് ബാധിക്കുമെന്ന് ഉറപ്പാണ്. പസഫിക് സമുദ്ര മേഖലകളില്‍ നടത്തിയ നിരീക്ഷണത്തില്‍ എല്‍നിനോയ്ക്കുള്ള സൂചനകള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. സാധാരണ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ 25 ശതമാനം മുതല്‍ 30 ശതമാനംവരെ ഇക്കുറി മഴ കുറയുവാനാണ് സാധ്യത. ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 25 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. നാല് മാസവും മഴ കനത്ത് പെയതാല്‍ മാത്രമേ അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമെത്തുകയുള്ളൂ. മറ്റ് പ്രധാന ജലസംഭരണികളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. കാലവര്‍ഷം മാത്രമാണ് ഇനി ആശ്രയം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവണമെങ്കില്‍ ഇടുക്കിയുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ പകുതിയോളമെങ്കിലും ജലം ശേഖരിച്ചിരിക്കണം. 125 ദിവസം നീണ്ട് നില്‍ക്കുന്ന മണ്‍സൂണ്‍ കാലത്തില്‍ കുറഞ്ഞത് 60 ദിവസമെങ്കിലും കനത്ത മഴ ലഭിച്ചാല്‍ മാത്രമേ അണക്കെട്ടുകള്‍ നിറയുകയുള്ളൂ.

RELATED STORIES

Share it
Top