എല്‍ഡി ക്ലാര്‍ക്ക്: പരമാവധി നിയമനം നടത്തും

എച്ച് സുധീര്‍

തിരുവനന്തപുരം: ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന എല്ലാ ജില്ലകളിലെയും എല്‍ഡി ക്ലാര്‍ക്ക് (വിവിധം) റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി നിയമനം നടത്താന്‍ സര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി എല്ലാ ഒഴിവുകളും 27ന് മുമ്പ് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പു മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
നിശ്ചയിച്ച കാലയളവിനുള്ളില്‍ ഒഴിവുകള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവച്ച ഒഴിവുകളും റിപോര്‍ട്ട് ചെയ്യണം. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങള്‍ 27ന് വൈകീട്ട് അഞ്ചിനു മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.2015 മാര്‍ച്ച് 30 വരെ നിലവിലുണ്ടായിരുന്ന എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിരുന്നു. ഇപ്രകാരം റിപോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാര്‍ച്ച് 30ന് അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനവും നടത്തി. മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തുകയുണ്ടായി. ഇപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തികയില്‍ പ്രവേശിച്ചവരെ ഇപ്പോള്‍ നിലവിലുള്ളതും 2015 മാര്‍ച്ച് 31ന് പ്രാബല്യത്തില്‍ വന്നതുമായ ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവുകള്‍ പൂര്‍ണമായി റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. നിലവിലെ പട്ടികയില്‍ നിയമനത്തിന് കാത്തിരിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമല്ല. ഇത്രയും വൈകിയാണ് നിര്‍ദേശം വന്നതെന്നതിനാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്ന സംശയത്തിലാണ് ഉദ്യോഗാര്‍ഥികള്‍.

RELATED STORIES

Share it
Top