എല്‍ഡിഎഫ് സര്‍ക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ടെന്നും ഇപ്പോള്‍ അപകടമൊന്നുമില്ലെന്നും കാനം രാജേന്ദ്രന്‍

മാവേലിക്കര: 91 സീറ്റുമായി അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ടെന്നും ഇപ്പോള്‍ അപകടമൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.പുതിയ അപകടങ്ങള്‍ എടുത്ത് വെക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷ ജനകീയാടിത്തറ വിപുലപ്പെടുത്തണം. മുന്നണി വിട്ടുപോയവര്‍ തിരികെ വരണം.
ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ സംരക്ഷിക്കാന്‍ ആംബുലന്‍സുമായി ചെല്ലുന്നതല്ല എല്‍ഡിഎഫ് നിലപാടെന്നും കാനം പറഞ്ഞു. സിപിഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഐ കരുതുന്നില്ല. സിപിഐ ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഎമ്മും കരുതേണ്ട. മുന്നണി ദുര്‍ബലമാകാതിരിക്കാനാണ് സി പി ഐ ശ്രമിക്കുക. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മുന്നണി ശക്തിപ്പെടുകയുള്ളൂവെന്ന് കാനം പറഞ്ഞു. ഇടതു ഐക്യത്തിന് ഊന്നല്‍നല്‍കിക്കൊണ്ട് മുന്നണിയെ ശക്തിപ്പെടുത്താന്‍ മറ്റാരെക്കാളും മുന്നില്‍ സിപി ഐ ഉണ്ടാകും. ദുര്‍ബലമാക്കുന്ന നടപടിയുണ്ടായാല്‍ അതിനെതിരെ സിപിഐ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും കാനം പറഞ്ഞു. വലിയ ഭീഷണിയാണ് രാജ്യം നേരിടുന്നത്. ഇത് ഒറ്റക്ക് നേരിടാമെന്നത് വ്യാമോഹമാണ്. ബദലായി ഉയര്‍ത്തിക്കാട്ടാവുന്നത് ഇടതുപക്ഷത്തെയാണ്. ഇത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആതിരപ്പള്ളി പദ്ധതിയെ സി പി ഐ എതിര്‍ക്കുന്നത്, ഇതുമായി ബന്ധപ്പെട്ട ഒരു വാക്ക് പോലും പ്രകടനപത്രികയില്‍ ചേര്‍ത്തിട്ടില്ലാത്തതിനാലാണ്. പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. മുന്നണിക്കകത്തും വേണ്ടി വന്നാല്‍ പുറത്തും പറയുന്നതില്‍ സി പി ഐക്ക് മടിയില്ല. സ്വന്തം പാര്‍ട്ടികളില്‍ തന്നെ രണ്ടഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നിരിക്കെ, രണ്ട് പാര്‍ട്ടികളില്‍ ഒരേ അഭിപ്രായമുണ്ടാകണമെന്ന് ശഠിക്കുന്നത് ശരിയല്ല. ജിഎസ്ടി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേരളം വലിയ കലത്തില്‍ വെള്ളം വച്ച് കാത്തിരുന്നത് ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ വലിയ നേട്ടമുണ്ടാകുമെന്ന് കരുതിയാണ്.
മന്ത്രി തോമസ് ഐസക്ക് തന്നെ പറഞ്ഞത് കേരളത്തിന്റെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ്. എന്നാല്‍ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണ സഭകളുടെ അധികാരമില്ലാതാക്കുകയും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈയിടുകയും ചെയ്യുകയാണുണ്ടായത്. മതനിരപേക്ഷതയുടെ ഒരു ദേശീയ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവരുടെ ഒരു പൊതുവേദി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. സംഘ്പരിവാര്‍, ബി ജെ പി ശക്തികളെ ചെറുക്കുന്നതിന് ഒരു ജനകീയ ബദല്‍ വളര്‍ന്നുവരണം.ഈ ജനകീയ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏറ്റവും പര്യാപ്തമായത് കേരളത്തില്‍ നിന്നാണ്.
ഫാസിസത്തിനെതിരായ പൊതുവേദിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.ഇടതു ഏകോപനസമിതിയില്‍ നിലവില്‍ സി പി എമ്മും സി പി ഐയും മാത്രമാണുള്ളത്. ദേശീയതലത്തിലുണ്ടായിരുന്ന മറ്റു പല പാര്‍ട്ടികളും ഈ സഖ്യത്തിലില്ല. ഇതിന് മാറ്റം വരണം. ഇടതുപക്ഷത്തെ ഒന്നിപ്പിക്കല്‍ ശ്രമകരമായ ജോലിയാണ്. ഇതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് രണ്ട് കമ്യൂനിസ്റ്റ് പാര്‍ട്ടികളുമാണ് കാനം പറഞ്ഞു.
പി കെ മേദിനി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചത്. കെ പ്രകാശ് ബാബു, സത്യന്‍മൊകേരി, സി ദിവാകരന്‍ എംഎല്‍എ, ടി പുരുഷോത്തമന്‍, മന്ത്രി പി തിലോത്തമന്‍, കമലാസദാനന്ദന്‍, പി പ്രസാദ്, എസ് സോളമന്‍, ടി ജെ ആഞ്ചലോസ് സംസാരിച്ചു. നാളെ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top