എല്‍ഡിഎഫ് സംരക്ഷിക്കുന്നത് സവര്‍ണ താല്‍പര്യങ്ങള്‍: എസ്ഡിപിഐ

തൃശൂര്‍: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് സവര്‍ണ-സംഘപരിവാര താല്‍പര്യങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണ വിഭാഗങ്ങള്‍ ആവശ്യം പോലും ഉന്നയിക്കാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നാക്ക സംവരണം തളികയിലാക്കി കാല്‍കീഴില്‍ വച്ചുകൊടുത്തത്. പഴയ കാലത്ത് മാടമ്പിമാര്‍ക്ക് മുന്നില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുമായി ഓച്ചാനിച്ച് നി ല്‍ക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് സംഭവിച്ചിട്ടുള്ളതെന്നും അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി. രാവിലെ 11ന് ആരംഭിച്ച ധര്‍ണയില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച അപചയമാണ്, സാമ്പത്തിക സംവരണ നീക്കത്തിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്ന് എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ ജി അരവിന്ദാക്ഷന്‍ പറഞ്ഞു. പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഒരു തുടക്കം മാത്രമാണെന്നും മുന്നാക്ക സംവരണ നീക്കം അവസാനിപ്പിക്കുന്നത് വരേ സമര രംഗത്തുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. സിപിഎം സവര്‍ണ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് സാമ്പത്തിക സംവരണ നീക്കത്തിലൂടെ കൂടുതല്‍ വ്യക്തമായെന്ന് കേരള ജനത പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി എ കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ സിപിഎം സംഘ്പരിവാറിനോടാണ് മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദലിത് ആക്ടിവിസ്‌റ് പി വി സജീവ് കുമാര്‍, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം പി എം അബ്ദുല്‍ ഖാദര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top