എല്‍ഡിഎഫിന് ഭൂരിപക്ഷമായെങ്കിലും യുഡിഎഫ് പ്രസിഡന്റ് തുടരാന്‍ സാധ്യത

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമായെങ്കിലും നിലവിലെ യുഡിഎഫ് പ്രസിഡന്റ് തന്നെ മൂന്ന് മാസത്തേക്ക് തുടരാന്‍ സാധ്യത.
ഇടത്-വലത് മുന്നണികള്‍ക്ക് ഒന്‍പത് വീതം സീറ്റുകളുണ്ടായിരുന്ന തവനൂരില്‍ കഴിഞ്ഞ ദിവസം കൂരട് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥി പി പി അബ്ദുല്‍ നാസര്‍ വിജയിച്ചിരുന്നു. ഇതോടെ എല്‍ഡിഎഫ് അംഗ സംഖ്യ പത്താവുകയും ഇടത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ പി സുബ്രഹ്്മണ്യ ന്‍ രാജിവച്ചെങ്കില്‍ മാത്രമേ എല്‍ഡിഎഫ് പ്രതിനിധിക്ക് പ്രസിഡന്റാവാന്‍ സാധിക്കു.
സുബ്രഹ്്മണ്യന്‍ പ്രസിഡ ന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കേണ്ടി വരും. അതിന് മൂന്ന് മാസം കാത്തിരിക്കേണ്ടതുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സുബ്രഹ്മണ്യനെതിരേ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നതാണ്. അത് ചര്‍ച്ചക്കെടുത്ത ദിവസമായിരുന്നു നാടകീയമായി എട്ടാം വാര്‍ഡ് അംഗം പി പി അബ്ദുല്‍ നാസര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവച്ചത്. ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനോ വോട്ടിങ്് നടത്താനോ മറ്റു പ്രതിനിധികള്‍ എത്തിയിരുന്നില്ല. അതിനാലാണു സുബ്രഹ്്മണ്യന്‍ ഇന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. പഞ്ചായത്ത് രാജ് നിയമ പ്രകാരം ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആറ് മാസത്തെ ഇടവേള ആവശ്യമാണ്. അതിനാല്‍ ഇനി മൂന്നു മാസങ്ങള്‍ കൂടി കഴിഞ്ഞേ എല്‍ഡിഎഫിനു പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം നോട്ടീസ് നല്‍കാനാവൂ. അത് വരെ സുബ്രഹ്മണ്യന്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെങ്കില്‍ അതിനു നിയമ സാധുത ലഭിച്ചേക്കും. അതേ സമയം യുഡിഎഫിനു പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സഹചര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് സുബ്രഹ്്മണ്യനെകൊണ്ട് സ്ഥാനം രാജിവെപ്പിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കാം.
ഇക്കാര്യത്തില്‍ യുഡിഎഫ് കമ്മിറ്റി അടുത്ത ദിവസം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top