എല്‍ജെപിക്കു പുറമെ ജെഡിയുവും ബിജെപിക്കെതിരേ

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ദലിത് വിരുദ്ധ നയങ്ങളില്‍ ബിജെപിക്കെതിരേ ശക്തമായി രംഗത്തുവന്ന ലോക് ജനശക്തി പാര്‍ട്ടിയെ പിന്താങ്ങി നിതീഷ് കുമാറിന്റെ ജെഡിയുവും രംഗത്ത്. ദലിത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ദലിത് വോട്ടുകള്‍ ലഭിക്കില്ലെന്നും ജെഡിയു വക്താവ് കെ സി ത്യാഗി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരേ ആഗസ്ത് 10ന് ദലിതുകള്‍ നടത്തുന്ന ഭാരത ബന്ദിന് പിന്തുണയ്ക്കുമെന്ന രാംവിലാസ് പാസ്വാന്റെ എല്‍ജെപി നിലപാടിന് പിന്തുണ നല്‍കുമെന്നും ജെഡിയു നേതാവ് വ്യക്തമാക്കി. അതേസമയം, ജുഡീഷ്യറിയുടെ അധികാരപരിധിയെ പാര്‍ട്ടി ചോദ്യം ചെയ്യുന്നില്ലെന്നു പറഞ്ഞ ത്യാഗി ദലിത് അതിക്രമങ്ങള്‍ക്കെതിരേ ശിക്ഷാ നടപടി കുറച്ച എ കെ ഗോയലിനെതിരേ രംഗത്തുവന്നു. എ കെ ഗോയലിനെ കേന്ദ്രം ദേശീയ ഹരിത കോടതി അധ്യക്ഷന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാം വിലാസ് പാസ്വാന്‍, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ എന്നിവര്‍ വി പി സിങിന്റെ നേതൃത്വത്തില്‍ ദലിതുകളെ സംരക്ഷിക്കാനായി രൂപീകരിച്ച നിയമം നടപ്പാവാതിരുന്നാല്‍ ഈ നേതാക്കളില്‍ നിന്ന് എന്‍ഡിഎ സഖ്യത്തിന് പ്രത്യാഘാതമേല്‍ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാലു മാസത്തിനുള്ളില്‍ ദലിതുകള്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്നാണ് എല്‍ജെപി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, നിയമത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് ആഗസ്ത് 9നുള്ളില്‍ മറുപടിയില്ലെങ്കില്‍ ഭാരത ബന്ദിന് പിന്തുണ നല്‍കുമെന്ന് എല്‍ജെപി പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top