എല്‍എസ്ഡി വേട്ട: സംഘ തലവന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

കൊച്ചി: സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ ലഹരിമരുന്ന് മാഫിയകള്‍ക്കെതിരേ നടത്തിയ സ്‌പെഷല്‍ മണ്‍സൂണ്‍ ഓപറേഷന്റെ ഭാഗമായി പോലിസ് പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനും സഹായിയും കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി.
സംഘതലവന്‍ പെരുമ്പാവൂര്‍ സ്വദേശിയും, ചെന്നൈ എ ആര്‍ റഹ്മാന്‍ കോളജ് ഓഫ് മ്യൂസിക്ക് ആന്റ് ടെക്‌നോളജിയിലെ പിയാനോ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ മുഹമ്മദ് ജബ്രീല്‍(24), സഹായി ആലുവ കടുങ്ങലൂര്‍ സ്വദേശി ഷിറാസ് (28) എന്നിവരാണ് പോലിസ് പിടിയിലായത്. ഇവരില്‍ നിന്നും നിരവധി എല്‍എസ് ഡി സ്റ്റാമ്പ് കള്‍ കണ്ടെടുത്തു. കഴിഞ്ഞ  മൂന്നാഴ്ച്ചക്കുള്ളില്‍ മാത്രം നൂറ്റി എഴുപതോളം എല്‍ എസ്ഡി സ്റ്റാമ്പുകളും, അഞ്ച് ഗ്രാമിന്റെ നിരവധി ബോട്ടില്‍ ഹാഷിഷ് ഓയിലും ഇയാള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ ഡീലുകളുടെ തുക കൈമാറാന്‍ എന്ന വ്യാജേന തന്ത്രപരമായി പോലിസ് സംഘം ഇയാളെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഡാര്‍ക്ക് വെബ്’ എന്ന അന്താഷ്ട്രലഹരിമരുന്ന് മാഫിയകളുടെ വെബ്‌സൈറ്റിലൂടെ ബിറ്റ് കോയിന്‍, ക്രിപ്‌റ്റോ തുടങ്ങിയ കറസികള്‍ വഴി പര്‍ച്ചേസ് ചെയ്യുന്ന ലഹരി വസ്തുകള്‍ കൊറിയര്‍ മുഖാന്തിരം ഗോവയിലേയ്ക്ക് എത്തിക്കുന്നു.
അവിടെ നിന്നു ആഢംബര വാഹനങ്ങളില്‍ ചെന്നൈയില്‍ എത്തിക്കുന്ന ലഹരി വസ്തുകള്‍ കേരളത്തിലെ ഡ്രഗ് ഡീലര്‍മാര്‍ക്ക് എത്തിച്ച് നല്‍കുകയും, അവര്‍ മുഖാന്തിരം വില്‍പന നടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ ഇയാളുടെ കൈയ്യില്‍ നിന്നും ലഹരി വസ്തുക്കള്‍ ശേഖരിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തിവന്നയാളാണ് പിടിയിലായ ഷിറാസെന്നും പോലിസ് പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ എ ബി വിബിന്‍, മരട് എസ്‌ഐ ബൈജു പി ബാബു, കളമശ്ശേരി എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിപിഒമാരായ അഫ്‌സല്‍, സനോജ്, പ്രശാന്ത്, വിശാല്‍, സാനു, സന്ദീപ്, വിനോദ് , സാനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top