എല്ലാ മേഖലയിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം: അസദുദ്ദീന്‍ ഉവൈസി

കൊച്ചി: ജുഡീഷ്യറി, പോലിസ്, ഭരണ നിര്‍വഹണം, നിയമനിര്‍മാണ സഭകള്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ മുസ്‌ലിം സമുദായം സ്വീകരിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂയെന്നും മൈനോരിറ്റി ഇന്ത്യന്‍ പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മെഹബൂബെ മില്ലത്ത് ഇബ്രാഹിം സേട്ട്് സാഹിബിന്റെ 13ാം ചരമവാര്‍ഷികവും രജീന്ദര്‍ സച്ചാര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു ഇബ്രാഹിം സേട്ട്്. ഇത്രയും ആത്മാര്‍ഥതയും അനുകമ്പയും നിയമപരമായ അറിവും ഉറച്ച നിലപാടുകളുമുള്ള മറ്റൊരു നേതാവിനെ കാണാന്‍ പ്രയാസമാണ്. ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് പൊളിച്ച സമയത്ത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ദ്രോഹനടപടികളെ അദ്ദേഹം തുറന്നുകാട്ടി. മുസ്‌ലിം സമുദായം പിന്തുടരേണ്ട മാതൃകയാണ് അദ്ദേഹം. മുസ്‌ലിംകളെ കുറിച്ച് കെട്ടിച്ചമച്ച ഒരുപാട് കഥകള്‍ പൊളിച്ചെഴുതിയത് ജസ്റ്റിസ് രജീന്ദര്‍ സച്ചാറായിരുന്നു.
ഒരു മേഖലയിലും മുസ്‌ലിംകള്‍ക്ക് വേണ്ട പ്രാതിനിധ്യമില്ലെന്ന് സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് വസ്തുതാപരമായി സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. അബ്ദുല്ല സോണ അധ്യക്ഷത വഹിച്ചു. സമുദായത്തിന് വേണ്ടി ജീവിച്ചയാളാണ് തന്റെ പിതാവെന്ന് ഇബ്രാഹിം സേട്ടിന്റെ മകള്‍ തസ്‌നിം ഇബ്രാഹിം സേട്ട് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു കാലത്തും ജനസംഖ്യാനുപാതിക ജനാധിപത്യ പ്രാതിനിധ്യം മുസ്‌ലിംകള്‍ക്ക് കിട്ടിയിട്ടില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം  പറഞ്ഞു.  അഡ്വ. വി കെ ബീരാന്‍, സുരേഷ് കുറുപ്പ് എംഎല്‍എ, എന്‍ എ അഹമ്മദ് കുട്ടി, കായ്ക്കര ബാബു, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തൗഫീഖ് മൗലവി, അഡ്വ. സിയാവുദ്ദീന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top