എല്ലാ ബഹുമതികളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് : മഹാകവി അക്കിത്തംആനക്കര: എല്ലാ ബഹുമതികളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണെന്നും ഈ പുരസ്‌കാരം വൈകിയാണ് ലഭിച്ചതെന്ന തോന്നലില്ലെന്നും പത്മശ്രീ മഹാകവി അക്കിത്തം. കേന്ദ്ര സ ര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌കാരം അക്കിത്തത്ത് മനയില്‍ വച്ച് ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാത്തതിനാല്‍ ജില്ലാ കലക്ടര്‍ മേരിക്കുട്ടി അക്കിത്തത്തിന്റെ വീട്ടിലെത്തി നല്‍കുകയായിരുന്നു. ബഹുമതികള്‍ കിട്ടാന്‍ വൈകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. എല്ലാ ബഹുമതികള്‍ക്കും ഒരു സമയമുണ്ടെന്നും അത് ചിലപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കുമെന്നും ചിലപ്പോള്‍ ലഭിക്കാതെ പോകുന്ന അവസ്ഥയുമുണ്ടാവുമെന്നും അക്കിത്തം വ്യക്തമാക്കി. ഡല്‍ഹിയില്‍ പോയി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖമുണ്ടെന്നും ആരോഗ്യം അനുവദിക്കാത്തതാണ് തടസ്സമായതെന്നും അക്കിത്തം പറഞ്ഞു. ആദ്യം പത്മശ്രീ സര്‍ട്ടിഫിക്കറ്റും പിന്നീട് മെഡലുകളുമാണ് ജില്ലാ കലക്ടര്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി സമ്മാനിച്ചത്. പാലക്കാട് എഡിഎം എസ് വിജയന്‍, പട്ടാമ്പി തഹസില്‍ദാര്‍ കെ ആര്‍ പ്രസന്നകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി പി കിഷോര്‍, കപ്പൂര്‍ വില്ലേജ് ഓഫിസര്‍ ജോജോ സത്യദാസ് എന്നിവര്‍ ജില്ലാ കലക്ടറെ അനുഗമിച്ചു. അക്കിത്തത്തിന്റെ പത്‌നി ശ്രീദേവി അന്തര്‍ജനം, അക്കിത്തത്തിന്റെ സഹോദരനും ലോകപ്രസിദ്ധ ചിത്രകാരനുമായ അക്കിത്തം നാരായണന്‍, സഹോദരന്‍ ജയറാം, മക്കളായ പ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം വാസുദേവന്‍, നാരായണന്‍, പാര്‍വതി, ഷീജ, മരുമകള്‍ ബിന്ദു, പേരക്കുട്ടികള്‍ എന്നിവരും പുരസ്‌കാര വിതരണ ചടങ്ങില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top