എല്ലാ പോലിസ് സ്റ്റേഷനിലും സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനിലും സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനുമാണ് സൈബര്‍ സെല്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ പോലിസ് സ്‌റ്റേഷനിലും വിവിധ വിഷയങ്ങളെ ആസ്പദമാക്കി മൂന്നു പേര്‍ക്ക് വീതം പരിശീലനം നല്‍കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനെയും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകള്‍ പുതുതായി ആരംഭിക്കും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ ഉള്ളത്. തുടക്കമെന്ന നിലയില്‍ ജില്ലാ സൈബര്‍ സെല്ലുകളിലെ രണ്ടുപേരെ വീതം ഉള്‍പ്പെടുത്തി പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായത്തോടെ തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും. ഇപ്രകാരം ട്രെയിനിങ് ലഭിച്ച ജില്ലാ സൈബര്‍ സെല്‍ പ്രതിനിധികള്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ അവരവരുടെ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.
ഡിജിറ്റല്‍ തെളിവുകള്‍, ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ ശേഖരിക്കല്‍, സിഡിആര്‍ അനാലിസിസ്, സൈബര്‍ ക്രൈം കേസുകളില്‍ എഫ്‌ഐആര്‍ തയ്യാറാക്കല്‍, സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം തുടങ്ങിയവയും മറ്റു വിവിധ സൈബര്‍ വിഷയങ്ങളെ സംബന്ധിച്ചുമുള്ള പരിശീലന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top