എല്ലാ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററുകള്‍: മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒക്ടോബറില്‍ ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് എക്—സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് സെന്ററുകള്‍ തുടങ്ങുക. ലഹരിപദാര്‍ഥങ്ങളുടെ ഉപഭോഗംമൂലമുണ്ടാവുന്ന രോഗാവസ്ഥകളില്‍നിന്ന് ആളുകളെ ചികില്‍സിച്ച് ഭേദമാക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തനം. ഓരോ ജില്ലകളിലും ഡിഅഡിക്ഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ തിരഞ്ഞെടുത്തുകഴിഞ്ഞതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് പി ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വന്‍ ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ക്കാണ് എക്—സൈസ് വകുപ്പ് നേതൃത്വം നല്‍കുന്നത്.
സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി എക്‌സൈസ് വകുപ്പ് വിമുക്തി എന്ന പ്രത്യേക പദ്ധതിയിലൂടെ പൂര്‍ണതോതിലുള്ള മദ്യവര്‍ജന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. ലഹരിപദാര്‍ഥങ്ങളുടെ ഉല്‍പാദനവും വിപണനവും കടത്തുമായി ബന്ധപ്പെട്ട് കടുത്ത നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെയും കോളജുകളുടെ സമീപത്ത് ലഹരിവസ്തുക്കള്‍ കച്ചവടം ചെയ്താല്‍ ആ സ്ഥാപനം പിന്നീട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ 43,669 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
12,932 എന്‍ടിപിഎസ് കേസുകളും പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 1,57,222 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയതു. ഇതുവരെ 11087.15 ലിറ്റര്‍ സ്പിരിറ്റും 1000 ടണ്‍ പുകയില ഉല്‍പന്നങ്ങളും 3,743 വാഹനങ്ങളും പിടിച്ചെടുത്തു. കോട്പാ കേസുകളില്‍ പിഴയിനത്തില്‍ 2.05 കോടി രൂപയോളം ഈടാക്കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പത്രസമ്മേളനത്തില്‍ അഡീ. ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സംബന്ധിച്ചു.

RELATED STORIES

Share it
Top