എല്ലാ അറിവുകളും കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കണം: തൊഴില്‍ മന്ത്രി

കോഴിക്കോട് : ലോകത്ത് ലഭ്യമായ എല്ലാ അറിവുകളും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ലഭിക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ഈ ഉദ്ദേശത്തോടെയാണ് ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരപ്പില്‍ എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാക്ഷരതയിലും പൊതുവിദ്യാഭ്യാസ രംഗത്തുമെല്ലാം കേരളം ലോകത്തിന് മാതൃകയാണ്. എന്നാല്‍ വിദ്യാഭ്യാസ നിലവാരത്തില്‍ നമ്മുടെ നില അത്ര മുകളിലല്ല. ഇതിന് പരിഹാരം കാണാന്‍ ശക്തമായ ശ്രമങ്ങള്‍ ഉണ്ടാവണം. നമ്മുടെ ഭക്ഷണത്തിലും വസ്ത്രധാരണത്തിലുമെല്ലാം വര്‍ഗീയ ശക്തികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ഇടപെടല്‍ നടത്തുന്ന കാലമാണിത്. വര്‍ഗീയമായി ഒരിക്കല്‍ രാജ്യത്തെ വിഭജിച്ചതിന്റെ വേദനകള്‍ ഇപ്പോഴും മാറിയിട്ടില്ല. മനുഷ്യ സ്‌നേഹത്തിന്റെ എക്കാലത്തെയും ഉത്തമ ഉദാഹരണമായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വര്‍ഗീയ വാദികളുടെ വെടിയേറ്റാണ് മരിച്ചത്. അദ്ദേഹത്തിന്റെ കൊലയാളിക്ക് ക്ഷേത്രവും പ്രതിമകളും സ്മാരക മന്ദിരങ്ങളും പണിയാനാണ് ഇന്ന് ശ്രമം നടക്കുന്നത്. മതേതരത്വവും ജനാധിപത്യവും മനുഷ്യ സ്‌നേഹവും നിലനിര്‍ത്താന്‍ ഇക്കാലത്ത് നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ഇതിന് വിദ്യാലയങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ എ വി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം കെ മുനീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടി വി സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ അസീസ്, എസ് കെ അബൂബക്കര്‍, വി ആമിനാബി, കെ കെ ജലീല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top