'എല്ലാവരോടും മാപ്പ്' പൊട്ടിക്കരഞ്ഞ് സ്മിത്ത്, മാപ്പപേക്ഷിച്ച് വാര്‍ണറും ബാന്‍ക്രോഫ്റ്റുംസിഡ്‌നി: എല്ലാവരോടും മാപ്പ്, താനാകെ തകര്‍ന്നിരിക്കുകയാണ്- ഇങ്ങനെ പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞാണ് സ്റ്റീവ് സ്മിത്ത് ആരാധകരോട് മാപ്പപേക്ഷിച്ചത്. പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് ഒരു വര്‍ഷം വിലക്ക് നേരിട്ട സ്മിത്ത് സിഡ്‌നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിരാധീതനായത്. സംസാരിക്കുന്നതിനിടെ പലവട്ടം താരം സങ്കടം സഹിക്കാനാവാതെ കണ്ണീരൊഴുക്കി.
കുറ്റമെല്ലാം എന്റേതാണ്. എല്ലാവരോടും മാപ്പ്. ചെയ്തുപോയതിനെ ഓര്‍ത്ത് ജീവിത കാലം മുഴുവന്‍ ഞാന്‍ ദുഖിക്കും. ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനമെടുക്കുന്നതില്‍ എനിക്ക് പിഴച്ചതാണ് എല്ലാത്തിനും കാരണം. അതിന്റെ ഫലം ഞാന്‍ അനുഭവിക്കുന്നു. എന്റെ ക്യാപ്റ്റന്‍സിയുടെ പരാജയമാണിത് - സ്മിത്ത് പറഞ്ഞു.
തനിക്ക് സംഭവിച്ച പിഴവ് പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞ സ്മിത്ത് തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്കുള്ള പാഠമാണെന്നും അഭിപ്രായപ്പെട്ടു. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നത് ബഹുമതിയായാണ് കാണുന്നത്. സംഭവിച്ചതിനെല്ലാം എല്ലാവരും മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്കാണുള്ളതെങ്കിലും ക്യാപ്റ്റനാവാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. കൂടാതെ ഐപിഎല്ലിലും സ്മിത്തിന് വിലക്കേര്‍പ്പെടുത്തി. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിശ്ചയിച്ചത് സ്മിത്തിനെയായിരുന്നു.


ട്വിറ്ററിലൂടെ ക്ഷമചോദിച്ച് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരില്‍ ഒരു വര്‍ഷം വിലക്ക് നേരിട്ട ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ക്ഷമചോദിച്ച് രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് മാപ്പുചോദിച്ചത്. ക്രിക്കറ്റിന്റെ അന്തസിന് ചേരാത്ത തെറ്റുകളാണ് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത്. ഇതുമൂലം ഓസീസ് ക്രിക്കറ്റിനും ആരാധകര്‍ക്കും സംഭവിച്ച ബുദ്ധിമുട്ടുകളും വിഷമവും മനസിലാക്കുന്നു. കുറച്ചുനാള്‍ വിശ്രമം ആവശ്യമാണ്. കുറച്ചുനാളുകള്‍ക്കുള്ളില്‍ തിരിച്ചുവരാം. ഡേവിഡ് വാര്‍ണര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
നേരത്തെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ വാര്‍ണറാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ണറാണ് യുവതാരം ബാന്‍ക്രോഫ്റ്റിന് പന്തില്‍ സാന്‍ഡ് പേപ്പറുപയോഗിച്ച് മാറ്റം വരുത്താന്‍ നിര്‍ദേശിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഐപിഎല്ലിലും വാര്‍ണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമായി.

RELATED STORIES

Share it
Top