എല്ലാം ശരിയാവില്ല

ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളെക്കൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ പടിഞ്ഞാറു നടക്കുന്ന ചര്‍ച്ചകള്‍. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം അതോടെ കാര്യമായി കുറയുമെന്ന് ഒരുകൂട്ടര്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു വര്‍ഷംതോറും 1.25 ദശലക്ഷം പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഏതാണ്ട് അഞ്ചുകോടിയാളുകള്‍ക്ക് പരിക്കുപറ്റുന്നു. അപകടങ്ങൡ അധികവുമുണ്ടാവുന്നത് സ്വയമോടുന്ന വാഹനങ്ങള്‍ക്ക് അടുത്തൊന്നും പ്രവേശനം ലഭിക്കാത്ത വികസ്വര നാടുകളിലാണ്.
പെട്രോള്‍-ഡീസല്‍ വാഹനങ്ങളെപ്പോലെ ഇത്തരം വാഹനങ്ങള്‍ മൂലം വായുമലിനീകരണമുണ്ടാവില്ല. എന്നാല്‍, വൈദ്യുതിയുടെ ഉപയോഗം കൂടുന്നതിന്റെ പ്രശ്‌നമുണ്ട്. വൈദ്യുതോല്‍പാദനം കൂടുതല്‍ പരിസ്ഥിതിസൗഹൃദമാക്കുക എന്ന വെല്ലുവിളിയാണ് അപ്പോള്‍ നാം അഭിമുഖീകരിക്കുക.
പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന അനര്‍ഥങ്ങള്‍ക്കൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ പരിഹാരമാവുമെന്നു കരുതുന്നവര്‍ ചരിത്രം പഠിക്കണമെന്ന് സംശയാലുക്കള്‍ പറയുന്നു. 19ാം നൂറ്റാണ്ടിന്റെ അവസാനം വരെ യാത്ര കുതിരവണ്ടികളിലായിരുന്നു. റോഡിലെ കുതിരച്ചാണകവും മൂത്രവും ചാവുന്ന കുതിരകളുമായിരുന്നു അന്നത്തെ വിവാദ വിഷയങ്ങള്‍. പെട്രോള്‍ കാറുകള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്ന് അന്നു വിദഗ്ധര്‍ കരുതി. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്നത്ര അനര്‍ഥം കുതിരച്ചാണകമുണ്ടാക്കിയില്ല എന്നു ചരിത്രം.

RELATED STORIES

Share it
Top