എലിസബത്ത് രാജ്ഞിക്കു നേരെ ന്യൂസിലന്‍ഡില്‍ 1981ല്‍ വധശ്രമം നടന്നെന്ന രേഖ പുറത്ത്‌

വെല്ലിങ്ടണ്‍: 1981ല്‍ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ മാനസികാസ്വാസ്ഥ്യമുള്ള കൗമാരക്കാരന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇത് പോലിസ് മറച്ചുവയ്ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. ന്യൂസിലന്‍ഡിലെ തെക്കന്‍ ദ്വീപായ ഡുനിദിനിലേക്ക് വിനോദയാത്ര പോവുന്നതിനിടെ, ക്രിസ്റ്റഫര്‍ ലെവിസ് എന്നയാള്‍ എലിസബത്ത് രാജ്ഞിയുടെ വാഹനത്തിനു നേരെ ഒരുതവണ വെടിയുതിര്‍ത്തുവെന്നാണ് ന്യൂസിലന്‍ഡ് സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന്റെ റിപോര്‍ട്ടിലുള്ളത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ലെവിസിന് അന്ന് 17 വയസ്സായിരുന്നു പ്രായം. മാനസികാസ്വാസ്ഥ്യമുള്ള ലെവിസിന്റെ മുറിയില്‍ നിന്ന് പോയിന്റ് 22 റൈഫിളും കാട്രിഡ്ജും കണ്ടെത്തിയിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.
താന്‍ വലതുപക്ഷ നാഷനല്‍ ഇംപീരിയല്‍ ഗറില്ലാ ആര്‍മി അംഗമാണെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. പോലിസ് അന്വേഷണത്തില്‍ ഈ സംഘത്തില്‍ മൂന്നു പേര്‍ മാത്രമാണുള്ളതെന്നു വ്യക്തമായി. ലെവിസിനെതിരേ വധശ്രമത്തിന് കേസെടുക്കാന്‍ പോലിസ് വിസമ്മതിക്കുകയായിരുന്നു. തോക്കുകള്‍ കൈവശംവച്ചതിനും മോഷണത്തിനുമായിരുന്നു കേസെടുത്തത്.
എന്നാല്‍ രാജ്ഞിയെ കൊലപ്പെടുത്തുക എന്ന ഉദേശ്യത്തോടെയായിരുന്നു ലെവിസ് വെടിയുതിര്‍ത്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top