എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്

നീരവ് മോദിയും കുടുംബവും പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,500 കോടി രൂപ തട്ടിപ്പു നടത്തി കൈക്കലാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് റോട്ടോമാക് പേനയുടെ നിര്‍മാതാക്കളായ വിക്രം കോത്താരിയും കൂട്ടരും ഏഴു പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 3,695 കോടി രൂപ വെട്ടിച്ചത്. വിജയ് മല്യയെന്ന വന്‍ വ്യവസായി നടത്തിയ കോടികളുടെ ധനാപഹരണം സംബന്ധിച്ച് യാതൊന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ ഗവണ്‍മെന്റും റിസര്‍വ് ബാങ്കും സ്തംഭിച്ചുനില്‍ക്കുന്ന സമയത്താണു പുതിയ തട്ടിപ്പ്. തട്ടിപ്പു നടത്തിയവരെല്ലാം പുതിയ ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിനെ കൈമെയ് മറന്നു സഹായിക്കുന്നവരാണ്. അതതുകാലത്തെ പ്രധാനമന്ത്രിമാരുമായും ഉന്നതോദ്യോഗസ്ഥരുമായും ഗാഢബന്ധമുള്ള രാഷ്ട്രനിര്‍മാതാക്കളാണ്. ഭരണനിര്‍വഹണത്തിന്റെ എല്ലാ തട്ടുകളിലും സ്വാധീനമുള്ളവരുമാണ്. തട്ടിപ്പ് വെളിച്ചത്താവും മുമ്പേ നാടുവിട്ട് വിദേശത്ത് രാജകീയമായി ജീവിക്കാനാവശ്യമായ മിടുക്കും വിഭവശേഷിയും ഇവര്‍ക്കുണ്ടുതാനും. എല്ലാം ചേര്‍ത്ത് കൂട്ടിക്കിഴിച്ചു നോക്കിയാല്‍ ആര്‍ക്കാണു നഷ്ടം? അന്നന്നത്തെ അന്നത്തിനു വേണ്ടി പാടുപെടുന്ന ജനത്തിനു തന്നെ. ഒരു മോദിക്കും ഒരു കോത്താരിക്കും യാതൊരു ബുദ്ധിമുട്ടുമില്ല.
ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവമാണ് തട്ടിപ്പുകള്‍ക്കെല്ലാം വഴിവച്ചിട്ടുള്ളത്. കോര്‍പറേറ്റ് ബിസിനസ് സ്ഥാപനങ്ങളെയും കുത്തകകളെയും കൈയയച്ചു സഹായിക്കുക എന്നതാണ് ബാങ്കിങ് നിയമം. വന്‍ വ്യവസായികളും വണിക്കുകളും കടമടവില്‍ വീഴ്ചവരുത്തിയാല്‍ പുതിയൊരു കമ്പനി സ്ഥാപിച്ച് കടക്കാര്‍ക്കു തന്നെ പ്രസ്തുത ബാധ്യത ഏറ്റെടുക്കാവുന്നതരത്തിലൊരു ഏര്‍പ്പാടുണ്ടാക്കി ബാങ്കിനെ പറ്റിക്കുന്ന നയം അടുത്തകാലത്ത് നടപ്പില്‍ വരുത്തിയിട്ടുമുണ്ട്. പാവപ്പെട്ട മനുഷ്യരുടെ ചെറുകിട വായ്പകള്‍ കുടിശ്ശികയായാല്‍, അവരെ ഇരിക്കക്കൂരയില്‍ നിന്നുപോലും പുറന്തള്ളാന്‍ നാട്ടില്‍ നിയമമുണ്ട്; റവന്യൂ റിക്കവറിയും സര്‍ഫാസി ആക്റ്റും ജയിലില്‍ പിടിച്ചിടലുമൊക്കെയുണ്ട്. എന്നാല്‍, വന്‍ കോര്‍പറേറ്റുകളെ തൊടാന്‍ വയ്യ. അവര്‍ക്കു വിധിച്ചിട്ടുള്ളത് വിദേശത്ത് സുഖവാസം. എന്തിനേറെ, ബാങ്കുകളില്‍ വന്‍ കുടിശ്ശിക വരുത്തിയവരുടെ പേരുപോലും പുറത്തുവിടരുതെന്നാണു ശാസന. പേരുകള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുടെ പേരില്‍ നിയമനടപടികളെടുത്തതായാണു ചരിത്രം. ഈ അവസ്ഥ നിലനില്‍ക്കുമ്പോള്‍ നീരവ് മോദിമാരും വിക്രം കോത്താരിമാരും നിയമത്തിന്റെ വലക്കണ്ണികളില്‍നിന്ന് പുറത്താവുന്നതില്‍ അതിശയമില്ല തന്നെ.
പൊതുമേഖലാ ബാങ്കുകളില്‍ മാത്രമാണ് കുഴപ്പം എന്ന മട്ടിലൊരു പ്രചാരണവും കൂട്ടത്തില്‍ നടക്കുന്നുണ്ട്. ബാങ്കുകളുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുക എന്ന പരിഹാരവും ഉയര്‍ന്നുകേള്‍ക്കുന്നു. പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കുകയോ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ബാങ്കുകള്‍ നടത്തുകയോ ആണു വേണ്ടത് എന്നാണു വാദം. ഇത് എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന് സമമായിരിക്കും. ആഗോളതലത്തില്‍ നോക്കുമ്പോള്‍ കൂടുതല്‍ ബാങ്ക് തട്ടിപ്പുകളും നടന്നിട്ടുള്ളത് സ്വകാര്യ ബാങ്കുകളിലാണ്. ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെങ്കില്‍ സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ നിലവിലുള്ള ബാങ്കിങ് ഘടനയുടെ മറവുപറ്റി നടത്തിയവയാണ് അവയില്‍ മിക്കതും. അതിനാല്‍ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂ.

RELATED STORIES

Share it
Top