എലിപ്പനി പേടിയില്‍ നിന്ന് മോചിതരാകാതെ എറണാകുളം ജില്ല

കൊച്ചി: എലിപ്പനി പേടിയില്‍ നിന്ന് മോചിതരാകാതെ എറണാകുളം ജില്ല. ഇന്നലെ ഒരാള്‍ക്കൂടി മരിച്ചതോടെ മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാഞ്ഞാലി തേലത്തുരുത്ത് പുഞ്ചാക്കല്‍ വീട്ടില്‍ ഉത്തമനാണ് (50) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. രോഗലക്ഷണങ്ങളോടെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉത്തമനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.ഇന്നലെ മാത്രം 19 പേര്‍ക്കൂടി എലിപ്പനി രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം ഏഴു പേര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടു. ഇവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍, കോടനാട്, ഫോര്‍ട്ട് കൊച്ചി, വേങ്ങൂര്‍, ഉദയംപേരൂര്‍, വാരപ്പെട്ടി, കുട്ടമ്പുഴ, നായരമ്പലം, കോട്ടുവള്ളി, എളങ്കുന്നപ്പുഴ, പറവൂര്‍, കളമശേരി, എടത്തല, ബിനാനിപുരം, ഏലൂര്‍, ഇടപ്പള്ളി, ചൂര്‍ണ്ണിക്കര, കോതമംഗലം, മഞ്ഞള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനി രോഗലക്ഷണങ്ങളുമായെത്തിയത്. ഇതോടെ പ്രളയത്തെ തുടര്‍ന്ന് എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 45 ആയി. ചിക്കന്‍ഗുനിയ ലക്ഷണങ്ങള്‍ സംശയിക്കുന്ന 11 പേര്‍ ഇന്നലെ ചികിത്സക്കെത്തി. ഇവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം മൂന്ന് ദിവസമായി 1890 പേര്‍ പനി രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ഡിഎംഒ വ്യക്തമാക്കി. ഈ മാസം ആദ്യമൂന്ന് ദിവസങ്ങളില്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ആശങ്കാജനകമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളടക്കം ഉര്‍ജജിതപ്പെടുത്തുകയും ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചിക്കന്‍ പോക്‌സ് പിടിപെട്ട് 9 പേരും ചികിത്സ തേടി. അതേ സമയം ഒന്നാം തീയതി മരിച്ച കോടനാട് സ്വദേശി കുമാരി (48) യ്ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടില്ല.

RELATED STORIES

Share it
Top