എലിപ്പനി പടരുന്നു

പി എം അഹ്മദ്

തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം. പകര്‍ച്ചപ്പനി തടയുന്നതിന് ശക്തമായ മുന്നൊരുക്കങ്ങളും പ്രതിരോധമാര്‍ഗങ്ങളും ബോധവല്‍ക്കരണവുമായി സര്‍ക്കാരും ആരോഗ്യ വകുപ്പും കഠിന പരിശ്രമം നടത്തുന്നുണ്ടെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല. എലിപ്പനി ബാധിച്ച് ഇന്നലെ സംസ്ഥാനത്ത് ഏഴുപേര്‍ കൂടി മരിച്ചു. കോഴിക്കോട്ട് നാലുപേരും പാലക്കാട്ടും എറണാകുളത്തും മലപ്പുറത്തും ഓരോ മരണവുമാണ് ഉണ്ടായത്. എന്നാല്‍, ഇതില്‍ പലതും എലിപ്പനിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് വൈകീട്ട് പുറത്തുവിട്ട കണക്കുപ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 68 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളുമായി ചികില്‍സ തേടിയിരിക്കുന്നത്. ഇതില്‍ 33 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേര്‍ മരണപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കോഴിക്കോട് ജില്ലയില്‍ നിന്നു മാത്രം 25 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയതില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ആലപ്പുഴ, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് എലിപ്പനി ഭീഷണി തുടരുന്നത്. ഇതുവരെയായി കോഴിക്കോട് ജില്ലയില്‍ 16 പേരാണ് മരിച്ചത്. ആഗസ്ത് 9 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പനി ബാധിച്ചു മരിച്ച 47 പേരില്‍ 18 പേര്‍ക്ക് എലിപ്പനിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് ഇന്നലെ പനിബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണത്തില്‍ നേരിയ കുറവു വന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ സംസ്ഥാനത്ത് 5,640 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. 24 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികില്‍സ തേടിയതില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലാണ് ഡെങ്കിപ്പനി ഏറ്റവുമധികം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പനിബാധിതര്‍- 676. കോഴിക്കോട്ട് 658 പേര്‍ ചികില്‍സ തേടി. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും തൊട്ടുപിന്നിലുണ്ട്. ശനിയാഴ്ച മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി ആശുപത്രികളിലെത്തി. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ചികില്‍സയിലായിരുന്ന 13 പേര്‍ മരിച്ചതോടെ മരണസംഖ്യ 53 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗസ്ത് മുതല്‍ ഇന്നലെ വരെ 272 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 719 പേര്‍ രോഗലക്ഷണങ്ങളോടെ ഇതുവരെ ചികില്‍സ തേടി. എലിപ്പനി ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മരണസംഖ്യയിലും വര്‍ധന ഉണ്ടായി. ഇതോടെയാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top