എലിപ്പനി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കോഴിക്കോട്: ജില്ലയില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ഇന്നലെ മരിച്ച വടകര കീഴാലിയില്‍ വിജേഷ് (34), മുക്കം കാരമൂല സലിം ഷാ (42) എന്നിവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. വേങ്ങേരി സ്വദേശി സുമേഷി (46)ന്റെ മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളില്‍ എലിപ്പനി രോഗ ചികില്‍സയ്‌ക്കെത്തുന്നവരുടെ വിവരങ്ങള്‍ ഡിഎംഒ ഓഫിസില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാംപുകളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ തീരുമാനിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ രോഗ സാധ്യതാ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും കഴിക്കണം. രോഗലക്ഷണങ്ങളായ പനി, ശരീര വേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയുണ്ടായാല്‍ സ്വയം ചികില്‍സയ്ക്ക് വിധേയരാവാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ തേടേണ്ടതാണ്. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനില്‍ കുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, കമ്യൂണിറ്റി മെഡിസിന്‍ മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡിപിഒ ഡോ. എ നവീന്‍ പങ്കെടുത്തു. ജില്ലയില്‍ ഇന്ന് 25 സംശയാസ്പദ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വേങ്ങേരി സ്വദേശി സുമേഷ് (46)ന്റെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ല. വില്ല്യാപ്പള്ളി സ്വദേശി വിജീഷ് (34) ,കാരമൂല കാരശേരി സ്വദേശി സലിംഷാ (42) എന്നിവരുടെ മരണം എലിപ്പനിമൂലമെന്ന്് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് ആറിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തും. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍-0495 2376100.


RELATED STORIES

Share it
Top