എലിപ്പനി: ഒരു മരണംകൂടി; 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു ചികില്‍സ തേടിയ 141 പേരില്‍ 115 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഒരാള്‍ കൂടി എലിപ്പനി ബാധിച്ചു മരിച്ചു. മലപ്പുറം എടവണ്ണ സ്വദേശി കല്ലിടുമ്പ് പൊതുവാന്‍കുന്നിലെ പാമ്പാടി ചന്ദ്രന്റെ മകന്‍ ഷൈബിന്‍ (27) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഷൈബിനെ കഴിഞ്ഞ 27ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. ചൊവ്വാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് മരിച്ചത്. മാതാവ്: പത്മാവതി (മുണ്ടമ്പ്ര). സഹോദരങ്ങള്‍: ഷൈജു, ഷൈനി (മഞ്ചേരി). കൊല്ലം പരവൂര്‍ നെടുങ്ങോലം കൂനയില്‍ രാജിഭവനില്‍ സുജാത(55) മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് ഇവരുടെ മരണം. മക്കള്‍: രാജി, രജനി. മരുമക്കള്‍: സതീഷ്‌കുമാര്‍, ഷാജി. അതേസമയം, മറ്റ് മൂന്നുപേരുടെ മരണത്തില്‍ കൂടി എലിപ്പനി സംശയിക്കുന്നുണ്ട്. കോട്ടയം കരൂര്‍ ഏലിയാമ്മ (48), എറണാകുളം പറവൂര്‍ ഉത്തമന്‍ (48), മലപ്പുറം നെദുവ സ്വദേശി ഹയറുന്നീസ (45) എന്നിവരുടെ മരണത്തിലാണ് എലിപ്പനി സംശയിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് പന്നിയങ്കരയില്‍ ആയിഷ നഹ (14) മരിച്ചു. മലപ്പുറം- 29, പത്തനംതിട്ട- 19, കോഴിക്കോട്- 14, ആലപ്പുഴ- 14, പാലക്കാട്- 12, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ എലിപ്പനി സ്ഥിരീകരിച്ചത്.

RELATED STORIES

Share it
Top