എലിപ്പനി: ഇന്നലെ 5 മരണം; 71 പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം/കണ്ണൂര്‍/പത്തനംതിട്ട: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേര്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി രഞ്ജു (30), കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍ (54), വടകര സ്വദേശിനി നാരായണി (80), കല്ലായ് അശ്വനി വീട്ടില്‍ രവി (59), എറണാകുളത്ത് മാഞ്ഞാലി തേലത്തുരുത്ത് പുഞ്ചാക്കല്‍ വീട്ടില്‍ ഉത്തമന്‍ (50) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട എലന്തൂര്‍ സ്വദേശി പുരുഷോത്തമന്‍ (54), എറണാകുളം കോടനാട് സ്വദേശി കുമാരി (48), തൃശൂര്‍ മട്ടത്തൂര്‍ സ്വദേശി സുരേഷ് (42), പാലക്കാട് ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (74) എന്നിവരുടെ മരണത്തിലും എലിപ്പനി സംശയിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയവരാണ് മരണപ്പെട്ട രഞ്ജുവും അനില്‍ കുമാറും. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ എലിപ്പനി സംശയിച്ച് 123 പേര്‍ ചികില്‍സ തേടിയതില്‍ 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്ട് 22 പേര്‍ ചികില്‍സ തേടിയതില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 12 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യഥാക്രമം 17, 19, 10 വീതം പേര്‍ക്ക് എലിപ്പനി സംശയിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്ക് പറയുന്നു. ഞായറാഴ്ച സംസ്ഥാനത്ത് പത്തു പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയില്‍ മരിച്ചവരുടെ എണ്ണം 35 ആയി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ 54 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി. 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 44 പേര്‍ക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയില്‍ മൂന്നു പേര്‍ക്കും കോട്ടയത്തു രണ്ടു പേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട അയിരൂര്‍ സൗത്ത് മേലേമാടത്തു പറമ്പില്‍ രാജുവിന്റെ മകനാണ് എം ആര്‍ രഞ്ജു. പ്രളയകാലത്ത് രഞ്ജു രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പ്രളയ ശേഷം പഞ്ചായത്തിന്റെ ശുചീകരണത്തിലും പങ്കാളിയായി. പനിയെ തുടര്‍ന്ന് കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയ രഞ്ജുവിനെ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഞായറാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതോടെ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ മരിച്ചു. മൃതദേഹം ഇന്നലെ വൈകീട്ട് 3 മണിയോടെ വീട്ടില്‍ സംസ്‌കരിച്ചു. മാതാവ്: ഓമന. സഹോദരന്‍: രഞ്ജി (അനിയന്‍കുഞ്ഞ്). അതേസമയം, ഇന്നലെ ജില്ലയില്‍ പനി ബാധിച്ച് 486 പേര്‍ ചികില്‍സ തേടി. എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയ 14 പേരില്‍ എട്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. റാന്നി പെരുനാട്, പത്തനംതിട്ട നഗരസഭ, കോന്നി, തണ്ണിത്തോട്, നെടുമ്പ്രം എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. നാറാണംമൂഴി, വല്ലന, വെച്ചൂച്ചിറ, കുറ്റപ്പുഴ, കാഞ്ഞീറ്റുകര, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനി ലക്ഷണങ്ങളോടെ ആറു പേര്‍ ചികില്‍സ തേടിയത്. ആറു പേര്‍ക്ക് ചിക്കന്‍പോക്‌സും മൂന്നു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനംതിട്ട നഗരസഭ, വല്ലന എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വയറിളക്ക രോഗങ്ങള്‍ക്ക് 67 പേര്‍ ചികില്‍സ തേടി.എറണാകുളം സ്വദേശി ഉത്തമന്റെ സംസ്‌കാരം നടത്തി. ഭാര്യ: ശോഭ. മക്കള്‍: ആതിര, അനഘ, അനന്തു. മരുമകന്‍: മഹേഷ്. വടകരയിലെ തെക്കേപഴങ്കാവില്‍ നാരായണിയമ്മ (84) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാരായണിയെ ഞായറാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഭര്‍ത്താവ്: നാരായണന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു (മസ്‌കത്ത്), ഉണ്ണികൃഷ്ണന്‍, സുധ, പരേതരായ സതീദേവി, വിശ്വനാഥന്‍. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, സത്യന്‍, പ്രീത, പ്രേമ. സഹോദരങ്ങള്‍: കെ സി ഗംഗാധരന്‍, കെ സി ഭാസ്‌കരന്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), പരേതരായ സരോജിനിയമ്മ, ജാനുവമ്മ, സി എച്ച് ബാലന്‍, ശ്രീധരന്‍, രവീന്ദ്രന്‍. കണ്ണൂര്‍ ജില്ലയില്‍ എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ എടക്കാട് ആറ്റടപ്പ സ്വദേശി പ്രകാശന്‍ (55) ആണ് ഞായറാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

RELATED STORIES

Share it
Top