എറിയാന്‍ സമയമായി, ഈ ബോംബുകള്‍

അങ്ങനെ ഒരു വേനല്‍ക്കാലം കഴിഞ്ഞു. പൊടിയിട്ട് പെയ്യിക്കേണ്ടിവന്നില്ല, അന്റാര്‍ട്ടിക്കയില്‍ നിന്നു മഞ്ഞുമല കൊണ്ടുവരേണ്ടിയും വന്നില്ല. പതിവിലും ഏതാനും ദിവസം മുമ്പുതന്നെ പെരുമഴ കേരളക്കരയിലെത്തി ജോലി തുടങ്ങി.

പരിസ്ഥിതി ദിനാഘോഷമാണ് ഈ മാസത്തെ പ്രധാന കലാപരിപാടി. അതില്‍ത്തന്നെ പ്രധാന ഐറ്റം മരം നടലും. 'മരം നടാന്‍ ഏറ്റവും നല്ല സമയം 20 വര്‍ഷം മുമ്പായിരുന്നു'വെന്ന പഴമൊഴി ഇവിടെയും സ്മരിക്കാതെ വയ്യ. നൂറും ആയിരവുമൊന്നുമല്ല, ലക്ഷക്കണക്കിനു മരങ്ങള്‍ നടുമെന്നു പ്രഖ്യാപിച്ചാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും തയ്യാറെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇങ്ങനെ നട്ട തൈകളെല്ലാം മരമായിരുന്നെങ്കില്‍ എന്നു ചോദിക്കുന്നില്ല. 20 വര്‍ഷം വൈകിയാണെങ്കിലും മരം നടുന്നത് നല്ല കാര്യം തന്നെ. പക്ഷേ, മരം നടലിന്റെ രീതി ഇങ്ങനെയൊക്കെ മതിയോ എന്നാണ് ചോദ്യം.


പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടുവന്ന തൈകള്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നു പരിപാവനമായൊരു അനുഷ്ഠാനം പോലെ കുഴികളില്‍ ഇറക്കി മണ്ണിട്ടുമൂടി വെള്ളമൊഴിക്കുന്നതാണ് പ്രധാന ചടങ്ങ്. പങ്കെടുത്ത ആളുകളുടെ എണ്ണവും നട്ട മരങ്ങളുടെ എണ്ണവും പരിശോധിച്ചാല്‍ പരിപാടി എത്ര വലിയ കോമഡിയാണെന്നു പിടികിട്ടും. നടുന്ന തൈകളില്‍ പത്തിലൊന്നു പോലും 20 വര്‍ഷത്തിനപ്പുറം മരമായി മാറുന്നുണ്ടോ എന്നു സംശയമാണ്.


വെള്ളമില്ലായ്മയും വളമില്ലായ്മയും കന്നുകാലി ഭീഷണിയും വെയിലും വരള്‍ച്ചയും പാത-കേബിള്‍-പൈപ്പ്-കെട്ടിട വികസനങ്ങളുമെല്ലാം അതിജീവിച്ചു വളര്‍ന്ന് ഈ തൈകളില്‍ എത്രയെണ്ണം മരമായി മാറുന്നുണ്ടാവും? അപ്പോള്‍പിന്നെ ആര്‍ഭാടമായി നടത്തപ്പെടുന്ന മരം നടീല്‍ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നര്‍ഥം. കുറച്ചുകൂടി ആക്രമണോല്‍സുകമായ, കാര്യക്ഷമമായ മരം നടല്‍ രീതികളെപ്പറ്റി ചിന്തിക്കാന്‍ സമയമായെന്ന് അര്‍ഥം.

അത്തരത്തിലൊരു രീതിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. സംഗതി അല്‍പം തീവ്രവാദമാണെന്നു പറയാം- പേരിലെങ്കിലും. സീഡ് ബോംബിങ്. ബോംബെറിയും പോലെ വിത്തുകള്‍ എറിഞ്ഞു വിതയ്ക്കുന്നതാണ് പരിപാടി. പല രാജ്യങ്ങളിലെയും പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും വിജയകരമായി പരീക്ഷിച്ച യുദ്ധമുറയാണ് സംഭവം.


ഒഴിഞ്ഞ പറമ്പുകളിലും തരിശുഭൂമികളിലും കാട്ടിലും മേട്ടിലുമൊക്കെ വിത്തു വിതച്ചു കാടുപിടിപ്പിക്കാന്‍ പറ്റിയ സമരമാര്‍ഗമാണ്. ആഘോഷപൂര്‍വം പത്തോ നൂറോ ആളുകള്‍ ചേര്‍ന്ന് ഒന്നോ രണ്ടോ മരം നടുന്നതിനു പകരം ഓരോരുത്തരും കൈയിലുള്ള സഞ്ചി നിറയെ വിത്തുബോംബുകളുമായി മുന്നേറുന്ന കാഴ്ച ഒന്നു സങ്കല്‍പിച്ചുനോക്കൂ.
ആക്രമണം കുറച്ചുകൂടി കാര്യക്ഷമമാക്കാന്‍ ചില പ്രയോഗങ്ങളും പരിസ്ഥിതിപ്പോരാളികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചകിരിച്ചോറും ചാണകവും ചളിയുമൊക്കെ ചേര്‍ത്തു കുഴച്ച് ഉള്ളില്‍ വിത്തു വച്ച് നാടന്‍ബോംബു പോലെ ഉരുട്ടിയെടുത്തു സൂക്ഷിച്ചുവച്ച് സമയമാകുമ്പോള്‍ 'ആക്രമണം' നടത്തുന്നതാണ് ഒരു രീതി. മഴയ്ക്കു മുമ്പേ തയ്യാറാക്കിവച്ച ഈ ബോംബുകള്‍ മഴക്കാലം വരുന്നതോടെ വര്‍ഷിക്കാം. വിത്തു മുളച്ച് അത്യാവശ്യം ആരോഗ്യമുള്ള തൈയാകുന്നതുവരെ ആവശ്യമായ വളവും നനവുമൊക്കെ ഈ ഉരുളകളില്‍ ഉണ്ടാവുമെന്നതാണ് മെച്ചം.


സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മറ്റും വളപ്പുകളില്‍ ഇത്തരം ബോംബ് ആക്രമണത്തിനു സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്താല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇവിടെയെല്ലാം ഒന്നാംതരം ഓക്‌സിജന്‍ പാര്‍ലറുകളായി മാറും. ആക്രമണം, ബോംബ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ശരിയല്ലെന്നു സര്‍ക്കാരിനു തോന്നുകയാണെങ്കില്‍ ഒഴിവാക്കി 'വിത്തുവിത' എന്നോ 'വിത്തേറ്' എന്നോ മറ്റോ ഉപയോഗിച്ച് സംഭവം പ്രചരിപ്പിക്കാവുന്നതാണ്.

ഒന്നോര്‍ത്താല്‍, മലയാളികളെ സംബന്ധിച്ചിടത്തോളം ഈ ബോംബ് ആക്രമണം പുതിയ കാര്യമല്ല. മാമ്പഴം തിന്ന് അണ്ടി അടുത്ത പറമ്പിലേക്കു വലിച്ചെറിയുന്ന അതേ പരിപാടിയുടെ വികസിത രൂപം മാത്രമാണിത്. ചക്കയും മാങ്ങയും ഇഷ്ടം പോലെ കിട്ടുന്ന സീസണായതിനാല്‍ വിത്തുബോംബുകള്‍ തേടി അലയേണ്ട കാര്യവുമില്ല. ഒരൊറ്റ കൂഴച്ചക്ക കിട്ടിയാല്‍ മതി, ശത്രുഭൂമിയെ കീഴടക്കാനുള്ള യുദ്ധസാമഗ്രി പത്തു മിനിറ്റിനുള്ളില്‍ റെഡി. കൂടുതല്‍ വിത്തുകള്‍ കൂടുതല്‍ പ്രദേശത്ത് വിതയ്ക്കാമെന്നതാണ് ഈ പ്രയോഗത്തിന്റെ മെച്ചം. കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ പോലും ഈ രീതിയില്‍ മരം വച്ചുപിടിപ്പിക്കാന്‍ സാധിക്കും. നല്ല ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു മഴയത്തു വിത്തെറിഞ്ഞാല്‍ അടുത്തുള്ള പ്രദേശങ്ങളിലൊക്കെ തൈകള്‍ മുളച്ചുപൊന്താന്‍ ഏതാനും ദിവസങ്ങള്‍ മതി.
ഇങ്ങനെ വിതയ്ക്കപ്പെടുന്ന വിത്തുകളും എല്ലാം മുളച്ചെന്നു വരില്ല; മുളച്ചതൊക്കെ മരമായിത്തീര്‍ന്നെന്നും വരില്ല. എങ്കിലും, ആരുടെയെങ്കിലും കോടാലിക്കിരയാവുന്നതുവരെ കുറേ ജീവജാലങ്ങള്‍ക്ക് അഭയവും പ്രാണവായുവും നല്‍കും. കുറഞ്ഞപക്ഷം, കുറച്ച് കരിയിലയെങ്കിലും മണ്ണിനു കിട്ടും. മണ്ണിലെ നനവ് നീരാവിയാകാതെ, അടുത്ത വേനലില്‍ നിന്നു കുറച്ചെങ്കിലും സംരക്ഷണം നല്‍കാനെങ്കിലും ഇവ ഉപകാരപ്പെടും.
വവ്വാല്‍, അണ്ണാന്‍, വെരുക് തുടങ്ങിയവയിലൂടെ പ്രകൃതി നടത്തിവരുന്ന യുദ്ധമുറയാണിത്. വികസനം ഇലക്ട്രിക് കമ്പിയുടെയും ഹൈമാസ്റ്റ് ലൈറ്റിന്റെയും മരംമുറി-മണ്ണുമാന്തി യന്ത്രങ്ങളിലൂടെയുമൊക്കെ പിടിമുറുക്കിയപ്പോള്‍ ഈ പോരാളികള്‍ പലരും രക്തസാക്ഷികളായതോടെ ഇത്തരം പോരാട്ടങ്ങള്‍ നാം ഏറ്റെടുക്കേണ്ടിവരുന്നുവെന്നു മാത്രം.

RELATED STORIES

Share it
Top