എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കൊച്ചി: എറണാകുളം ജില്ലയില്‍ മുസ് ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.ഇസ് ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കഴിഞ്ഞദിവസം നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാറുകളും ബൈക്കുകളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.കടകമ്പോളങ്ങളും തുറന്നിട്ടില്ല.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുവെങ്കിലും ഹാജര്‍ നില കുറവാണ്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത  ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുന:പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധി പ്രസ്ഥാവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപെട്ടാണ് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന് സമീപം പോലീസ് ബാരികേഡ് കെട്ടി തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top