എറണാകുളത്ത് ബഹുനിലക്കെട്ടിടം തകര്‍ന്ന സംഭവംസമഗ്ര അന്വേഷണത്തിനായി വിദഗ്ധ സമിതി

കൊച്ചി: എറണാകുളം കലൂര്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുവാന്‍ ഉന്നതതല സമിതിക്ക് രൂപംനല്‍കി. ജില്ലാ കലക്ടര്‍ മുഹമ്മദ്ദ് വൈ സഫീറുല്ലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. അപകടത്തെ കുറിച്ച് വിശദമായി വിലയിരുത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദേശം. നേരത്തെ അപകടത്തെ കുറിച്ച് പ്രാഥമിക സമിതി കഴിഞ്ഞദിവസം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപോര്‍ട്ട് വിലയിരുത്തിയ ജില്ലാ കലക്ടര്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല സമിതിക്ക് ഇന്നലെ രൂപംനല്‍കിയത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി ഡി ഷീലാദേവി, സീനിയര്‍ ടൗണ്‍പ്ലാനര്‍ പി ആര്‍ ഉഷാകുമാരി, മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റജീന ബീവി, എമരിറ്റസ് പ്രഫ. ഡോ. ബാബു ടി ജോസ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണു സമിതിയിലെ അംഗങ്ങള്‍. ദുരന്തനിവാരണ നിയമത്തിലെ 30ാം വകുപ്പ് പ്രകാരം രൂപീകരിച്ച സമിതി ഉടന്‍തന്നെ അന്വേഷണം ആരംഭിക്കും.
കെട്ടിടം തകരാനുള്ള കാരണം, കെട്ടിടനിര്‍മാണത്തിന് ലഭിച്ചിട്ടുള്ള അനുമതികള്‍, തുടര്‍നിര്‍മാണത്തിന്റെ സാധ്യത, കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖ എന്നിവയാണ് സമിതി പരിശോധിക്കുക. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്ന സമീപെത്ത പ്രധാന റോഡ് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിഡബ്ല്യൂഡി പുനര്‍നിര്‍മിച്ചുതുടങ്ങി. നാളെയോടെ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാവും.
തുടര്‍ന്ന് വിദഗ്ധ സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെയോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുമ്പോള്‍ ആവശ്യമായ തുക കെട്ടിടം നിര്‍മാണത്തിനെടുത്ത കരാര്‍ കമ്പനിയോട് സര്‍ക്കാരിലേക്ക് അടയ്ക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പിഡബ്ല്യൂഡി അറിയിച്ചു.

RELATED STORIES

Share it
Top