എറണാകുളത്തെ ബാറുകളില്‍ മിന്നല്‍പ്പരിശോധന

കൊച്ചി: എറണാകുളത്തെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണറുടെ മിന്നല്‍ പ്പരിശോധന. അബ്കാരി നിയമങ്ങള്‍ ലംഘിച്ച രണ്ടു ബാറുകള്‍ക്കെതിരേ   കേസെടുത്തു.
കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിനു സമീപമുള്ള ലാന്‍ഡ് മാര്‍ക്, തമ്മനം റോഡിലെ ഇടശ്ശേരി മാന്‍ഷന്‍ ഹൗസ് എന്നീ ബാറുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേയാണ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി കേസെടുത്തത്്. ഒരു ബാറില്‍ റസ്‌റ്റോറന്റിന് അനുമതിയുണ്ടെങ്കിലും ഇവിടെ ഭക്ഷണം നല്‍കാതെ മദ്യം മാത്രമാണു വിതരണം ചെയ്യുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി.
മറ്റൊരിടത്ത് റസ്‌റ്റോറന്റ് സംവിധാനമുണ്ടെങ്കിലും ആവശ്യത്തിനു സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സിയും ജീവനക്കാരുമടക്കം ഒരോ ബാറിലെയും അഞ്ചു പേര്‍ക്കെതിരേയാണ് കേസ്.
രണ്ടു കേസുകളിലായുമായി അഞ്ചുലക്ഷം രൂപ പിഴയിട്ടു. ചില ബാറുകളില്‍ സര്‍വീസ് കൗണ്ടറുകള്‍ എന്ന പേരില്‍ ബാര്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഋഷിരാജ് സിങ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
വരുംദിവസങ്ങളിലും ബാറുകളില്‍ പരിശോധന തുടരുമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ പറഞ്ഞു. ജോയിന്റ് കമ്മീഷണര്‍ പി കെ മനോഹരന്‍, സി ഐ ശശികുമാര്‍, പ്രിവന്റീവ് ഓഫിസര്‍ സത്യനാരായണന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top