എറണാകുളത്തു നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്ന സംഭവംഅപകടകാരണം മണ്ണെടുപ്പെന്നു നിഗമനം

കൊച്ചി: എറണാകുളം കലൂരില്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ അടിത്തറയുടെ നിര്‍മാണത്തിനായി 10 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയതാണ് അപകടകാരണമെന്ന് പ്രാഥമിക റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമിതമായി മെണ്ണടുത്തു മാറ്റിയതു മൂലം അടിത്തട്ടിലെ ജലസമ്മര്‍ദം താങ്ങാനാവാതെയാണു കെട്ടിടം നിലംപൊത്തിയതെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്നലെ രാത്രിയാണ് വിദഗ്ധ സമിതി റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയത്.
പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി കെ ബല്‍ദേവ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ടി ഷാബു, കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റെജീന ബീവി, അബ്ദുല്‍ കലാം (കെഎംആര്‍എല്‍), ഡോ. ബാബു ജോസഫ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരടങ്ങിയ സമിതിയാണു പ്രാഥമിക റിപോര്‍ട്ട് തയ്യറാക്കിയത്. വ്യാഴാഴ്ച രാത്രിയാണു നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നത്. 30 മീറ്റര്‍ പൈലിങ് ചെയ്ത് നാലുവശത്തും മതില്‍ പോലെ തൂണുകള്‍ നിര്‍മിച്ച ശേഷം ഇതിന്റെ നടുവില്‍ നിന്ന് 10 മീറ്റര്‍ ആഴത്തില്‍ മണ്ണ് എടുത്ത് താഴെ നില പണിയാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്.
ഇതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതവും മെട്രോ സര്‍വീസും നിര്‍ത്തിവച്ചിരുന്നു. കെട്ടിട നിര്‍മാണത്തിനായി 10 മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്തു മാറ്റിയ ഭാഗത്ത് അഞ്ചു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടു നികത്തണമെന്നു വിദഗ്ധ സമിതി പറയുന്നു.
നാലു ദിവസത്തിനുള്ളില്‍ അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു റിപോര്‍ട്ട് പരിശോധിച്ച ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു.
സമീപത്തെ മറ്റു കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നു റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായും കലക്ടര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു വിദഗ്ധ സമിതിക്കും ഇന്ന് രൂപംനല്‍കും. അവര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഇതുവഴിയുള്ള മെട്രോയുടെ സര്‍വീസ് പുനരാരംഭിച്ചു.

RELATED STORIES

Share it
Top